കോട്ടയം: ശബരിമലയിൽ പോലീസിന്റെ കുറ്റകരമായ അനാസ്ഥ ബോധ്യപ്പെട്ടതിനാലാണ് ജഡ്ജിമാർ ഉൾപ്പെടുന്ന പാനലിനെ ഹൈക്കോടതി നിരീക്ഷകരായി നിയോഗിച്ചതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രനെ ജയിലിലടച്ചതിനും ശരണം വിളിക്കുന്നവരെ അറസ്റ്റുചെയ്യുന്നതിലും പ്രതിഷേധിച്ച് ബി.ജെ.പി. ജില്ലാ കമ്മിറ്റി എസ്.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.

ശബരിമലയിൽ ബി.ജെ.പി.യുടെ ധർമസമരമാണ് നടക്കുന്നത്. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനുള്ള അവസരത്തെ തടസ്സപ്പെടുത്തുന്നത് നീതികരിക്കാനാവില്ല. ശബരിമലയിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ ദേവസ്വം ബോർഡും സർക്കാരും പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജിവെയ്ക്കാൻ തയ്യാറാകണം. ദിവസംതോറും കള്ളക്കേസുകളെടുത്ത് ബി.ജെ.പി. നേതാക്കളെ പിന്തിരിപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട. ശബരിമല വിഷയത്തിൽ സി.പി.എമ്മും കോൺഗ്രസും ചക്കിയും ചങ്കരനും കളിക്കുകയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാനം ഇനി അറബിക്കടലിലാണെന്നും പിണറായി വിജയൻ രാജ്യത്തെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എൻ.ഹരി അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ജി.രാമൻനായർ, ജില്ലാ ജനറൽ സെക്രട്ടറി ലിജിൻ ലാൽ, ജില്ലാ സെക്രട്ടറി സി.എൻ.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു. തിരുനക്കരയിൽനിന്നാരംഭിച്ച മാർച്ച് കളക്‌ടറേറ്റിനുസമീപം പോലീസ് തടഞ്ഞു.