കോട്ടയം: യാത്രക്കിടയിൽ സ്വകാര്യബസിന്റെ ബാറ്ററി പൊട്ടിത്തെറിച്ചു. അപകടത്തിൽ ബസ് ജീവനക്കാരന് നിസ്സാര പരിക്കേറ്റു. ബാറ്ററിവെള്ളം തെറിച്ച് വീണ് ക്ലീനർ കുഞ്ഞായി (35)ക്കാണ് പരിക്കേറ്റത്. കുഞ്ഞായിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് പുല്ലരിക്കുന്നിലായിരുന്നു സംഭവം. കോട്ടയം-നീണ്ടൂർ റൂട്ടിൽ സർവീസ് നടത്തുന്ന ജാക്വിലിൻ എന്ന ബസിന്റെ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. ബസിനുള്ളിൽനിന്ന് പുകയുയർന്നപ്പോൾ ഡ്രൈവർ ബസ് റോഡരികിൽ ഒതുക്കി നിർത്തി. പെട്ടെന്ന് ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ചെറിയ തോതിൽ തീപടർന്നു. പരിഭ്രാന്തരായ യാത്രക്കാർ ബസിൽനിന്നും ഇറങ്ങിയോടി. അപകടം നടക്കുമ്പോൾ ബസിൽ സ്ത്രീകളും പുരുഷന്മാരുമടക്കം 25 യാത്രക്കാരുണ്ടായിരുന്നു.

യാത്രക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കോ‌ട്ടയം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തീയണച്ചു.

ബസിനുള്ളിലെ ഇലക്‌ട്രിക് വസ്തുക്കളിലുണ്ടായ ഷോർട്ട് സർക്യൂട്ടാകാം ബാറ്ററി പൊട്ടിത്തെറിക്കാൻ കാരണമെന്നാണ് അഗ്നിരക്ഷാസേനയുടെ പ്രാഥമിക വിലയിരുത്തൽ. ഏറ്റുമാനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ബസ്.