കോട്ടയം: കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എ.ഐ.എസ്.എഫ്. പ്രവർത്തകനെ എസ്.എഫ്.ഐ.ക്കാർ മർദിച്ചതായി പരാതി. ചൊവ്വാഴ്ച വൈകീട്ട് സി.എം.എസ്. കോളേജ് പരിസരത്താണ് സംഭവം. സി.എം.എസ്. കോേളജ് രണ്ടാം വർഷ എം.എ.മലയാളം വിദ്യാർഥിയും എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടറിയുമായ നന്ദു ജോസഫിനെ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വർഷങ്ങളായി എസ്.എഫ്.ഐ. പ്രവർത്തകർ മാത്രം ജയിച്ചിരുന്ന കോളേജിൽ, എ.ഐ.എസ്.എഫ്. വിജയിച്ചതിന്റെ പേരിൽ നന്ദുവിനെ എസ്.എഫ്.ഐ. പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് എ.ഐ.എസ്.എഫ്. നേതൃത്വം ആരോപിച്ചു.

കോളേജിൽ നടന്ന തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ്. അഞ്ച്‌ ക്ലാസ് പ്രതിനിധി സീറ്റുകളിലേക്ക് മത്സരിച്ചിരുന്നു. അതിൽ രണ്ട് സീറ്റുകളിൽ എതിരില്ലാതെയും ഒരു സീറ്റിൽ എസ്.എഫ്.െഎ.ക്കെതിരേയും മത്സരിച്ച്‌ വിജയിച്ചു. ഇവിടെ എസ്.എഫ്.ഐ.ക്കെതിരേ എ.ഐ.എസ്.എഫ്. മത്സരിക്കുന്ന പതിവില്ലായിരുന്നു. ഇതേ തുടർന്നാണ് ആക്രമണമുണ്ടായതെന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസ് പറയുന്നു. ഫലപ്രഖ്യാപനത്തിനുശേഷം കോേളജിൽനിന്ന്‌ പുറത്തെത്തി ബൈക്ക് സ്റ്റാർട്ട് ചെയ്ത്‌ പുറത്തേക്ക്‌ പോകാൻ ഒരുങ്ങുമ്പോഴായിരുന്നു നന്ദുവിനു നേരെ ആക്രമണമുണ്ടായത്. മുഖത്ത് ഇടിയേറ്റ്‌ നിലത്ത്‌ വീണ നന്ദുവിനെ സമീപത്തുണ്ടായിരുന്ന പോലീസുകാരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.