
പാലാ: പാർട്ടിയിലെ ചേരിപ്പോരിനിടെ സംസ്ഥാന കമ്മിറ്റി വിളിച്ചുകൂട്ടി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ജോസ് കെ.മാണി പിതൃസ്മരണകളിൽ വിതുമ്പി. സംസ്ഥാന കമ്മിറ്റിക്ക് ശേഷം ഉടൻ പാലായിലെത്തിയ ജോസ് കെ.മാണി പാലാ കത്തീഡ്രൽ പള്ളിയിലെ സെമിത്തേരിയിലെത്തി അച്ഛൻ കെ.എം.മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചു പ്രാർത്ഥിച്ചു.
പാർട്ടിയിലെ ഭിന്നതകൾക്കിടയിൽ പിതാവിന്റെ പദവി ഏറ്റെടുത്ത ജോസ് കെ.മാണി പിതൃസ്മരണയിൽ സെമിത്തേരിയിലെത്തിയപ്പോൾ വികാരനിർഭരമായിരുന്നു രംഗം. കെ.എം.മാണിയുടെ സ്മരണകളിരമ്പിയ സായാഹ്നത്തിൽ ജോസ് കെ.മാണി സെമിത്തേരിയിൽ തൊഴുകൈകളോടെ പാർത്ഥനകളിൽ മുഴുകി. ഓർമകളിൽ നിറഞ്ഞ് ജോസ് കെ.മാണി വിതുമ്പിയപ്പോൾ കൂടെയെത്തിയ അനുയായികൾക്കും നൊമ്പരം നിറഞ്ഞ നിമിഷങ്ങളായിരുന്നു.
പാർട്ടിയിൽ ജോസ് കെ.മാണിയോടൊപ്പം നിൽക്കുന്ന എം.എൽ.എ.മാരായ റോഷി അഗസ്റ്റിനും ജയരാജും തോമസ് ചാഴികാടൻ എം.പി.യും ഒപ്പമുണ്ടായിരുന്നു. റോഷിയും തോമസ് ചാഴികാടനും പ്രാർത്ഥനകൾ ചൊല്ലിയപ്പോൾ പ്രവർത്തകർ ഏറ്റുചൊല്ലി.
തുടർന്ന് കരിങ്ങോഴയ്ക്കൽ വീട്ടിലെത്തി അമ്മ കുട്ടിയമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങി. ഭാര്യ നിഷയും കുട്ടിയമ്മയും പ്രവർത്തകരും വീട്ടിനുള്ളിൽ കെ.എം.മാണിയുടെ ചിത്രത്തിനു മുൻപിൽ പൂക്കളർപ്പിച്ചു. നിഷയുടെ നേതൃത്വത്തിൽ എല്ലാവർക്കും ലഡുവും കേക്കും വിതരണം ചെയ്തു. പാർട്ടി നേതാക്കളായ സണ്ണി തെക്കേടം, ഫിലിപ്പ് കുഴികുളം, രാജേഷ് വാളിപ്ലാക്കൽ, ജോസുകുട്ടി പൂവേലി, ബിജി എം.തോമസ്, ജോജോ കുടക്കച്ചിറ, ബൈജു കൊല്ലംപറമ്പിൽ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Content Highlights: kerala congress m split, jose k mani