കോട്ടയം: വിവാദങ്ങളുടെ പൂർവ ചരിത്രം മറക്കാനാഗ്രഹിച്ചാണ് പാർട്ടി വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് തൊടുപുഴയിലെ വീട്ടിൽനിന്നു പാലായിലേക്ക്‌ പുറപ്പെട്ടത്. ’മാണി സാറിനെ കാണാൻ പോകുന്നു, എല്ലാം ശുഭമായി പര്യവസാനിക്കും’ ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെ. ഭിന്നത ഒഴിവാക്കാനുള്ള അവസാന ശ്രമമായാണ് ജോസഫ് വിഭാഗം കേരള കോൺഗ്രസ് എമ്മിൽ ഞായറാഴ്ച നടന്ന ചർച്ചയെ വിലയിരുത്തിയത്. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷ വികാരത്തിന് അനുസരിച്ച് തീരുമാനമുണ്ടാകുമോയെന്ന ഭീതി ഒഴിഞ്ഞതും ഇവർക്ക് ആശ്വാസമായി. കമ്മിറ്റിയിൽ മാണി വിഭാഗത്തിനാണ് മേൽക്കൈ.

പാർലമെന്ററി പാർട്ടി യോഗമാണ് ആദ്യം ചേർന്നത്. നേതാക്കൾക്കായി കോട്ടയത്ത് മാധ്യമപ്രവർത്തകർ കാത്തിരുന്നു. എന്നാൽ, കെ.എം. മാണിയുടെ പാലായിലെ വസതിയിലേക്ക്‌ പൊടുന്നനെ യോഗം മാറ്റി. ജോസഫ് മാണിയെ കാണാനെത്തുന്നത് കണക്കിലെടുത്ത് കൂടിയായിരുന്നു ഇത്. പിന്നെ ശ്രദ്ധ മുഴുവൻ പാലായിലേക്ക്‌. ഇതിനിടെ, ജോസഫിനെ സ്ഥാനാർഥിയാക്കരുതെന്നാണ് ചില ജില്ലാപ്രസിഡന്റുമാരുടെ നിലപാടെന്ന വാർത്ത പരന്നു. സ്റ്റിയറിങ് കമ്മിറ്റിയിലെ ഭൂരിപക്ഷ വികാരത്തിന് അനുസരിച്ചാകരുത് അന്തിമ തീരുമാനമെന്ന് മോൻസ് ജോസഫ് തിരിച്ചടിച്ചു. ഇരുവിഭാഗവും വീണ്ടും കൊമ്പുകോർക്കുന്നുവെന്ന പ്രതീതിയുയർന്നു.

പാലായിൽ ഉച്ചയോടെയാണ് യോഗം പൂർത്തിയായത്. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസാണ് മാധ്യമങ്ങൾക്ക് മുന്നിൽ ആദ്യമെത്തിയത്. മത്സരിക്കാൻ ജോസഫ് ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർഥി തീരുമാനം വൈകീട്ട് കോട്ടയത്ത് ചേരുന്ന സ്റ്റിയറിങ് കമ്മിറ്റിയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ജോസഫിന്റെ ക്യാമ്പിൽ ആഹ്ളാദം പരത്തി.

തുടർന്ന് കോട്ടയത്തേക്ക്‌ കെ.എം.മാണിയുൾപ്പെടെയുള്ള നേതാക്കൾ പുറപ്പെട്ടു. വൈകീട്ട് നാലുമണിക്ക് തുടങ്ങിയ യോഗം ഒരുമണിക്കൂറിനുള്ളിൽ പിരിഞ്ഞു. തീരുമാനം അടുത്ത ദിവസമുണ്ടാകുമെന്ന് പാർട്ടി ചെയർമാൻ കെ.എം.മാണി പ്രഖ്യാപിച്ചു.

Content Highlights; Kerala congress kottayam lok sabha seat discussion