കറുകച്ചാൽ: മണ്ണെടുപ്പ് വ്യാപകമായതോടെ പ്രദേശത്തെ ടിപ്പർലോറികൾ നാട്ടുകാർക്ക് തലവേദനയാകുന്നു. ആവശ്യമായ രേഖകൾ ഇല്ലാതെയും നിയന്ത്രണങ്ങൾ പാലിക്കാതെയും നൂറുകണക്കിന് ടിപ്പർലോറികളാണ് തലങ്ങും വിലങ്ങും പായുന്നത്. സംഭവം പതിവായതോടെ പോലീസ്‌ പരിശോധന ശക്തമാക്കി.

രാവിലെയും വൈകീട്ടും നടത്തുന്ന പരിശോധനയിൽ നൂറുകണക്കിന് വാഹനങ്ങൾക്കെതിരേയാണ് നടപടി സ്വീകരിച്ചത്. അളവിൽ കൂടുതൽ ലോഡുമായി പോകുന്ന വാഹനങ്ങളാണ് ഭൂരിഭാഗവും. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലോഡ് കൊണ്ടുപോകുന്നതിനായാണ് ഇങ്ങനെ ചെയ്യുന്നത്.

പെട്ടിക്ക് മുകളിൽ കല്ലും മണ്ണും കയറ്റി വളവ് തിരിയുമ്പോൾ റോഡിലേക്ക് വീഴുന്നതും അപകടം ഉണ്ടാകുന്നതും പതിവാണ്. മണ്ണ് കൊണ്ടു പോകുന്നതിനായുള്ള പാസ്സ് നേടാതെയാണ് പല ലോറികളും പായുന്നത്. വേഗപ്പൂട്ട് ഇല്ലാത്തതും രേഖകളില്ലാത്തുമായ നിരവധി വാഹനങ്ങളാണ് കഴിഞ്ഞദിവസം നടത്തിയ പരിശോധനയിൽ പോലീസിന്റ വലയിലായത്.

റോഡ് തകരുന്നു

മണ്ണെടുപ്പും ടോറസുകളുടെ ഓട്ടവും പതിവായതോടെ പ്രദേശത്തെ ഗ്രാമീണ റോഡുകൾ തകരുന്നതായി പരാതി. നെടുംകുന്നം, കറുകച്ചാൽ പഞ്ചായത്തുകളിൽ സമീപകാലത്തായി നിർമിച്ച മിക്ക ഗ്രാമീണറോഡുകളും തകർന്നു. അമിതമായി ലോഡുകയറ്റി പോകുന്നതിനാലാണ് ടാറിങ് തകരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. ലോറികൾ കയറിയിറങ്ങുന്നതോടെ തകർന്ന ഭാഗത്തെ ടാറിങ് കൂടുതലായി പൊട്ടിപ്പൊളിഞ്ഞ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടു.

അമിതവേഗം

ടിപ്പർ, ടോറസ് എന്നിവയ്ക്ക് നിയന്ത്രണങ്ങളുള്ളതിനാൽ പുലർച്ചെ തന്നെ ഓട്ടം ആരംഭിക്കും. എട്ടുമണിക്ക് മുൻപായി ലോഡുകൾ സ്ഥലലെത്തിക്കണം. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ലോഡ് കയറ്റുവാനുള്ള ഓട്ടമാണ് യാത്രക്കാർക്ക് ഭീഷണിയായത്. രാവിലെ പത്രവിതരണം നടത്തുന്നവർ, മീൻകച്ചവടക്കാർ, നടക്കാനിറങ്ങുന്നവർ എന്നിവർ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. പുലർച്ചെ ലോഡുമായി പോകുന്ന വാഹനങ്ങൾ മതിലുകളിലും, റോഡരികിൽ നിർത്തിയിടുന്ന വാഹനങ്ങളിലും തട്ടി അപകടം ഉണ്ടാകുകയും നിർത്താതെ പോകുകയുമാണ് പതിവ്.