കറുകച്ചാൽ: കെട്ടിടനിർമാണത്തിന്റെ മറവിൽ അനുമതി വാങ്ങിയശേഷം കുന്നിടിക്കുന്നത് പതിവാകുന്നു. ജിയോളജി വകുപ്പിൽനിന്നു അനുമതി വാങ്ങിയശേഷം കണക്കിൽ കൂടുതൽ സ്ഥലത്തു നിന്നാണ് മണ്ണെടുപ്പ്. കങ്ങഴ, നെടുംകുന്നം, വാഴൂർ പഞ്ചായത്തുകളുടെ ഉൾഭാഗങ്ങളിലാണ് മണ്ണെടുപ്പ് വ്യാപകം. പ്രദേശത്ത് കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുമ്പോഴും കുന്നിടിച്ചുനിരത്തുന്നത് പതിവ് കാഴ്ചയാണ്. കങ്ങഴ മൂലേപ്പീടികയിൽ കോേളജ് നിർമാണത്തിന്റെ മറവിൽ രണ്ടേക്കറോളം സ്ഥലത്തെ കുന്നാണ് ഇടിച്ചുനിരത്തിയത്. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് മണ്ണെടുപ്പ് താത്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ ജില്ലാകളക്ടർക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയ
പ്രദേശത്തെ മണ്ണെടുപ്പിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്നാണ് ആരോപണം. കെട്ടിടം നിർമിക്കുന്നതിനായി പഞ്ചായത്തിൽനിന്നും മണ്ണ് നീക്കം ചെയ്യാനായി ജിയോളജി വകുപ്പിൽനിന്നും അനുമതി നേടും. ശേഷം വ്യാപകമായി മണ്ണെടുപ്പും പാറപൊട്ടിക്കലുമാണ് നടക്കുന്നത്. കങ്ങഴ പഞ്ചായത്തിൽ മുണ്ടത്താനം, അഞ്ചാനി, നെടുംകുന്നം പഞ്ചായത്തിലെ മാന്തുരുത്തി, മാണികുളം, വാഴൂർ പഞ്ചായത്തിലെ മൈലാടുംപാറ, 15-ാംമൈൽ പേർഷ്യൻകോളനി, തേക്കാനം, ചാമംപതാൽ തുടങ്ങിയ പ്രദേശങ്ങളിലാണ് നിലവിൽ കുന്നിടിച്ച് നിർമാണം നടത്തുന്നത്. ദിവസം നൂറുകണക്കിന് ലോഡ് മണ്ണും കല്ലുമാണ് ഇവിടെനിന്നും കൊണ്ടുപോകുന്നത്.
പിന്നിൽ ഉദ്യോഗസ്ഥരും രാഷ്ട്രീയനേതാക്കളും
ഉദ്യോഗസ്ഥരുടെയും പ്രാദേശിക രാഷ്ട്രീയ നേതാക്കന്മാരുടെയും ഒത്താശയോടെയാണ് മിക്കയിടത്തും മണ്ണെടുപ്പ് നടക്കുന്നതെന്നാണ് ആരോപണം. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അധികൃതർ എത്തുന്നത്. രേഖകൾ പരിശോധിക്കുമ്പോൾ അനധികൃതമാണെന്ന് തിരിച്ചറിയും. ഇത്തരത്തിൽ സർക്കാർ ഉത്തരവിനെ തുടർന്ന് അനധികൃത മണ്ണെടുപ്പ് നിർത്തിവെച്ച നിരവധി സ്ഥലങ്ങളാണ് ഉള്ളത്. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെയാണ് റവന്യൂ-മൈനിങ് ആൻഡ് ജിയോളജി വകുപ്പ്് പലപ്പോഴും അനുമതി നൽകുന്നത്. വകുപ്പ് മന്ത്രിക്കടക്കം പലവട്ടം പരാതി നൽകിയിട്ടും മേഖലയിലെ മണ്ണെടുപ്പ് നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
ജനവാസകേന്ദ്രങ്ങളിൽപോലും വ്യാപകമായി കുന്നിടിക്കുന്നുണ്ട്. റവന്യൂ-ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പ്രവർത്തനങ്ങൾ. ശക്തമായ നടപടി സ്വീകരിക്കണം. കെ.ബിനു. വനം-വന്യജീവി ബോർഡംഗം
Content Highlights: Karukachal illegal land mining