കറുകച്ചാൽ: പഞ്ചായത്തുകളിൽ മാലിന്യസംസ്കരണത്തിന് ഇടമില്ല. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് പതിവായി. കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളിലെ ഉൾപ്രദേശങ്ങളിലെ റോഡുകളിലും ജനവാസകേന്ദ്രങ്ങളിലുമാണ് മാലിന്യം തള്ളുന്നത്. അറവുമാലിന്യങ്ങൾ, പച്ചക്കറി മാലിന്യം, കേറ്ററിങ് സ്ഥാപനങ്ങളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങൾ എന്നിവയാണ് ചാക്കിൽ കെട്ടി തള്ളുന്നത്. രാത്രിയിൽ ചങ്ങനാശ്ശേരി ഭാഗങ്ങളിൽനിന്നും പെട്ടിഓട്ടോറിക്ഷകളിലും പിക്കപ്പ് വാനുകളിലുമായി എത്തിക്കുന്ന മാലിന്യമാണ് റോഡരികിൽ തള്ളുന്നത്. കാനം-കാഞ്ഞിരപ്പാറ, മൈലാടി, ദേവഗിരി ഭാഗങ്ങളിലാണ് പതിവായി മാലിന്യം തള്ളുന്നത്.
സംസ്‌കരണത്തിന് മാർഗമില്ലാതെ വ്യാപാരികളും
ആയിരക്കണക്കിന് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കറുകച്ചാൽ കവലയിൽ മാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്തത് വ്യാപാരികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. ലോഡുകണക്കിന് മാലിന്യമാണ് ഓരോദിവസവും കുന്നുകൂടുന്നത്. കടകളുടെ പിൻവശത്തിട്ട് കൂട്ടിയിട്ട് കത്തിക്കുകയോ, വാഹനങ്ങളിലാക്കി വീടുകളിൽ കൊണ്ടുപോയി സംസ്കരിക്കുകയോ ആണ് പലരുംചെയ്യുന്നത്. ഇരുപതോളം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പഞ്ചായത്ത് മാർക്കറ്റിനുള്ളിൽ മാലിന്യം ഓരോ ഭാഗത്തായി കൂട്ടിയിട്ടിരിക്കുകയാണ്.
കാട്ടുപന്നി, തെരുവുനായ ശല്യം വർധിക്കുന്നു
ഭക്ഷണാവശിഷ്ടങ്ങളും മത്സ്യ-മാംസ വില്പന ശാലകളിൽനിന്നുള്ള മാലിന്യവും റോഡ് പുറമ്പോക്കിൽ തള്ളുന്നത് പതിവായതിനാൽ കാട്ടുപന്നിയുടെയും തെരുവുനായകളുടെയും ശല്യം വർധിച്ചു. കാനം മേഖലയിൽ കാട്ടുപന്നി ശല്യം വർധിച്ചതോടെ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചു കൊണ്ടിരിക്കുന്നത്. മാലിന്യം തള്ളുന്ന പ്രദേശങ്ങളിൽ തെരുവുനായ ശല്യവും പതിവാണ്.