കറുകച്ചാൽ: ഒറ്റപ്പെട്ടുകഴിയുന്ന നിർധന വയോജനങ്ങൾക്ക് താങ്ങായി വാഴൂരിൽ തുറക്കുന്ന വാനപ്രസ്ഥ കേന്ദ്രത്തിൽ വിപുലമായ സൗകര്യങ്ങൾ.

10,362 ചതുരശ്ര അടി വിസ്തീർണമുള്ള മന്ദിരത്തിൽ രണ്ടുനിലകളിലായി 16 മുറികളാണ് ഉള്ളത്. സ്ത്രീകളും പുരുഷന്മാരുമടക്കം 25 പേർക്കിവിടെ താമസിക്കാം. യോഗകേന്ദ്രം, പ്രദേശവാസികൾക്കായി പകൽവീട്, വായനശാല, മെസ്, പൂന്തോട്ടം, വിനോദത്തിനുള്ള സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്.

വാഴൂർ പുണ്യം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. 1.55 കോടി രൂപ ചെലവഴിച്ചാണ് മന്ദിരം പൂർത്തിയാക്കിയത്. മന്ദിരം വ്യാഴാഴ്ച 1.45-ന് കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി.യും പകൽവീട്് കൊച്ചിൻ ഷിപ്പ്‌യാർഡ് മാനേജിങ് ഡയറക്ടർ മധു എസ്.നായരും യോഗ കേന്ദ്രം കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഡിറ്റ് ആൻഡ് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ ബി.രാധാകൃഷ്ണ മേനോനും ഉദ്ഘാടനം ചെയ്യും.

പത്രസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി.ആർ.സുകുമാരൻനായർ, ജനറൽ സെക്രട്ടറി കെ.എസ്.ശിവപ്രസാദ്, പുണ്യംട്രസ്റ്റ് മാനേജിങ് ട്രസ്റ്റി ആർ.അനിൽകുമാർ, സെക്രട്ടറി കെ.എസ്.ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.