കറുകച്ചാൽ: പാർക്കിങ് നിരോധനം ബോർഡുകളിലൊതുങ്ങി. യാത്രക്കാർ ദുരിതത്തിൽ. ആയിരക്കണക്കിന് യാത്രക്കാരും നൂറുകണക്കിന് ബസുകളും കയറിയിറങ്ങുന്ന കറുകച്ചാൽ സ്റ്റാൻഡിലും പരിസരങ്ങളിലും വാഹനങ്ങളുടെ നീണ്ടനിരയാണ്.

അലക്ഷ്യമായി പാർക്കുചെയ്യുന്നത് കാൽനട യാത്രക്കാരെ ദുരിതത്തിലാക്കി. വാഴൂർ റോഡിൽ ബസ്‌സ്റ്റാൻഡ് കവാടത്തിലേക്ക് പ്രവേശിക്കാൻ കഴിയാത്ത രീതിയിലാണ് പാർക്കിങ്. മണിമല റോഡിലും വാഹനങ്ങൾ നിരന്നതോടെ ബസുകൾക്ക്‌ സ്റ്റാൻഡിലേക്ക് പ്രവേശിക്കാൻ ബുദ്ധിമുട്ടാണ്.

ഇടമില്ല

ബസ്‌സ്റ്റാൻഡിനുള്ളിൽ അന്യവാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതും പ്രവേശിക്കുന്നതും നിരോധിച്ചിട്ടുണ്ട്‌. എന്നാൽ, ആരും പാലിക്കാറില്ല. ബസ്‌സ്റ്റാൻഡിന്റെ ഒരുഭാഗത്ത് ഇരുചക്രവാഹനങ്ങൾ തലങ്ങും വിലങ്ങും പാർക്ക് ചെയ്യുന്നു. മൂന്ന്് ബസുകൾ പാർക്കുചെയ്യുന്ന സ്ഥലത്താണ് ഇരുചക്രവാഹനങ്ങൾ നിരത്തിവെയ്ക്കുന്നത്. സ്വകാര്യവാഹനങ്ങൾ സ്റ്റാൻഡിൽ പ്രവേശിക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടാണ്. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

ഗതാഗതക്കുരുക്ക്‌

റോഡരികിലും ബസ്‌സ്റ്റാൻഡ് കവാടത്തിലും പാർക്ക് ചെയ്യുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. പലപ്പോഴും വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്നവർ സ്റ്റാൻഡിനുള്ളിലും കവാടത്തിലുമാണ് വാഹനങ്ങൾ പാർക്കുചെയ്തുപോകുന്നത്.