പൊൻകുന്നം: മഴയുടെ ഇമ്പത്തിനൊപ്പം രാമായണത്തിന്റെ ഈരടികൾ അലിഞ്ഞുചേരുന്ന കർക്കടകം തുടങ്ങി. സന്ധ്യകൾ രാമായണ പാരായണത്തിന്റെ ധന്യമുഹൂർത്തംകൂടിയാണ് ഇനി ഹൈന്ദവ ഭവനങ്ങൾക്ക്. ക്ഷേത്രങ്ങളും ആധ്യാത്മിക കേന്ദ്രങ്ങളും രാമായണ പാരായണത്തിന്റെ ധന്യതയിലാണിന്ന് മുതൽ.

ദക്ഷിണായനകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ദേവന്മാരുടെ രാത്രിയായാണ് ദക്ഷിണായനത്തെ കല്പിക്കുന്നത്. ദേവസന്ധ്യയിൽ അമൃതസ്വരൂപികളായ മനുഷ്യർ രാമനാമം ചൊല്ലുന്നത് രാജ്യത്തിനും മനുഷ്യർക്കും നന്നെന്നാണ് പരമ്പരാഗത വിശ്വാസം.

ഭക്തിയും യുക്തിയും വിഭക്തിയും ചേർന്ന ഇതിഹാസമാണ് രാമായണം. അഞ്ചാമത്തെ വേദമായി പരിഗണിക്കുന്ന രാമായണത്തിൽ ധർമരഹസ്യങ്ങൾ പ്രതിപാദിക്കുന്നത് ഹൃദിസ്ഥമാക്കുന്നതിന്‌ വേണ്ടികൂടിയാണ് നിത്യപാരായണം നടത്തുന്നത്. കർക്കടകം പൊതുവേ നിഷ്‌ക്രിയതയും അസ്വസ്ഥതയും സൃഷ്ടിക്കുന്ന കാലയളവായതിനാൽ ഇതിൽനിന്നുള്ള മോചനത്തിനു കൂടിയാണ് രാമായണപാരായണം ആചാര്യന്മാർ നിർദേശിച്ചത്.

നിത്യപാരായണം ചെയ്യുന്നരീതി ഭക്തർക്കുണ്ടെങ്കിലും കർക്കടകമാസം മുഴുവനും പ്രത്യേക ചിട്ടയോടെ പൂർണമായും രാമായണം വായിച്ചുതീർക്കുകയെന്നരീതി പ്രത്യേകമായി നിർദേശിക്കുന്നുണ്ട്. രാമൻ ജനിച്ചത് കർക്കടകലഗ്നത്തിലായതിനാൽ കർക്കടകമാസത്തിന് രാമായണവുമായി കൂടുതൽ ബന്ധം കണക്കാക്കുന്നു. ദശരഥപുത്രന്മാരുടെയെല്ലാം ജനനം ഇതേ ലഗ്നത്തിലാണ്.

നിലവിളക്കിനരികിൽ വടക്കോട്ട് തിരിഞ്ഞിരുന്ന് രാമായണം പാരായണം ചെയ്യുന്നരീതിയാണ് പൂർവികർ നിർദേശിക്കുന്നത്. ഏതുദിവസവും പാരായണം തുടങ്ങുമ്പോൾ ആദ്യം ബാലകാണ്ഡത്തിലെ ശ്രീരാമ രാമ രാമ.. എന്ന ഈരടിക്ക് ശേഷമാവണം. യുദ്ധം, കലഹം, മരണം തുടങ്ങിയവ വർണിക്കുന്ന ഭാഗത്ത് പാരായണം അവസാനിപ്പിക്കുകയോ തുടങ്ങുകയോ ചെയ്യരുത് എന്നും അവർ നിഷ്‌കർഷിക്കുന്നു.

മംഗളകരമായ സംഭവം അവസാനിപ്പിക്കുന്നഭാഗത്ത് ഓരോ ദിവസവും വായന നിർത്തുക. മനഃശാസ്ത്രപരമായ സമീപനം കൂടിയാണ് ഇത്. നല്ലകാര്യങ്ങളിൽ മനസ്സിനെ വ്യാപരിപ്പിച്ച് ഉറക്കത്തിലേക്കു പോയാൽ ഉണരുന്നതും നന്മയിലേക്കാവും എന്ന ആധുനിക മനഃശാസ്ത്ര കണ്ടെത്തലുമായി പൊരുത്തമേറെയുണ്ട് ഈ നിഷ്‌കർഷയ്ക്ക്.

ക്ഷേത്രങ്ങൾ ഒരുങ്ങി

രാമായണ പുണ്യമാസാചരണത്തിന് ക്ഷേത്രങ്ങളും ഭവനങ്ങളും ഒരുങ്ങി. ഭക്തസംഘടനകളുടെ സഹകരണത്തോടെയാണ് ക്ഷേത്രങ്ങളിൽ 17 മുതൽ ഓഗസ്റ്റ് 16 വരെ കർക്കടക പുണ്യമാസം ആചരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും രാമായണമാസം ഭക്തിപൂർവ്വം ആചരിക്കും. സ്വകാര്യക്ഷേത്രങ്ങളിലും രാമായണമാസം വിശേഷാൽ ചടങ്ങുകളോടെ ആഘോഷിക്കും. എല്ലാ ക്ഷേത്രങ്ങളിലും കർക്കടക മാസത്തിൽ ദിവസേന പുലർച്ചെ അഷ്ടദ്രവ്യ ഗണപതിഹോമവും വൈകീട്ട് ഭഗവദ് സേവയും പതിവുണ്ട്. ക്ഷേത്രങ്ങളിൽ രാവിലെയും വൈകീട്ടുമാണ് രാമായണ പാരായണം. ഇതോടൊപ്പം വിശേഷാൽ പരിപാടികളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഏറ്റുമാനൂർ, വൈക്കം, കടുത്തുരുത്തി, തിരുനക്കര, കുമാരനല്ലൂർ, കടപ്പാട്ടൂർ, ചങ്ങനാശ്ശേരി വാഴപ്പള്ളി, ചിറക്കടവ്, മള്ളിയൂർ, ളാലം, തിടനാട്, അന്തീനാട്, ഭരണങ്ങാനം, പുലിയന്നൂർ, കിടങ്ങൂർ, തിരുവാർപ്പ്, കുറിച്ചിത്താനം, നാഗമ്പടം, കങ്ങഴ, ചെറുവള്ളിക്കാവ്, അയ്മനം, പാണ്ഡവം, കുടമാളൂർ വാസുദേവപുരം, പരിപ്പ്, തിരുവാറ്റ ശ്രീരാമ ഹനുമാൻ ക്ഷേത്രം, തിരുനക്കര സ്വാമിയാർമഠം തുടങ്ങിയ ക്ഷേത്രങ്ങളിൽ ആചാര്യന്മാരുടെ നേതൃത്വത്തിൽ രാമായണ പാരായണവും പ്രഭാഷണവും ഉണ്ടായിരിക്കും. സമാപനദിവസം അഖണ്ഡരാമായണ പാരായണവും വിശേഷാൽ ചടങ്ങുകളോടെ പട്ടാഭിഷേകവായനയും നടത്തും.