കല്ലറ : മുണ്ടാറിലെ തകർന്നുകിടന്ന കല്ലുപുര-നെറ്റിത്തറ റോഡ് നാട്ടുകാർ സ്വന്തം ചെലവിൽ മണ്ണിട്ട് സഞ്ചാരയോഗ്യമാക്കി. കല്ലറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ പടശേഖരങ്ങൾക്ക് നടുവിലൂടെയുള്ള റോഡാണിത്.

അറുപതോളം കുടുംബങ്ങൾ യാത്ര ചെയ്യുന്ന വഴിയാണിത്. രണ്ടര കിലോമീറ്റർ വരുന്ന റോഡ് നിർമിച്ചിട്ട് വർഷങ്ങളായെങ്കിലും നാളിതുവരെ പഞ്ചായത്തോ മറ്റ് ജനപ്രതിനിധികളോ റോഡ് ടാർ ചെയ്യുന്നതിനായി ഫണ്ടുകളൊന്നും അനുവദിച്ചിട്ടില്ല.

മഴക്കാലം എത്തിയതോടെ റോഡ് ചെളിക്കുളമായി. ഇതോടെ ഇതുവഴി കാൽനടയാത്രപോലും അസാധ്യമായി. പലവട്ടം അധികൃതരോട് പറഞ്ഞിട്ടും പരിഹാരം ഇല്ലാതെ വന്നതോടെ നാട്ടുകാർ പിരിവെടുത്ത് സ്വന്തം ചെലവിൽ വഴി സഞ്ചാരയോഗ്യമാക്കുകയായിരുന്നു.

അടുത്ത ദിവസങ്ങളിലായി തകർന്നുകിടക്കുന്ന മുഴുവൻ പ്രദേശവും മണ്ണിട്ട് നികത്തി യാത്രാ സൗകര്യം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികൾ.