കല്ലറ: കീടങ്ങളെ തുരത്താൻ കല്ലറയിലെ പാടശേഖരങ്ങളിൽ സോളാർ ലൈറ്റ് കെണികൾ സജ്ജമായി. ഗ്രാമപ്പഞ്ചായത്തിലെ 64 പാടശേഖരങ്ങളിലായി 600 ഹെക്ടർ പ്രദേശത്ത് ഇതിന്റെ പ്രയോജനം ലഭിക്കും. പരിസ്ഥിതിസൗഹൃദ സാങ്കേതികവിദ്യകളുടെ പ്രചാരണാർത്ഥം നാലുലക്ഷം രൂപ ചെലവഴിച്ചാണ് കർഷകർക്ക് സോളാർ ലൈറ്റ് ട്രാപ്പ് നൽകിയിരിക്കുന്നത്.

പ്രകാശം ആകർഷിക്കും

രാസകീടനാശിനികളുടെ ഉപയോഗം പൂർണമായും ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ നേട്ടം. സ്റ്റാൻഡിന് മുകളിൽ ഒരുപാത്രവും അതിന് മുകളിൽ ഒരു എൽ.ഇ.ഡി. ബൾബും സോളാർ പാനലും അടങ്ങുന്നതാണ് കെണി. ഉപകരണത്തിലെ എൽ.ഇ.ഡി. ബൾബ് വൈകീട്ട് 6.30 മുതൽ രാത്രി 9.30 വരെ പ്രകാശിക്കും. ഇതിലെ നീലപ്രകാശം കണ്ടെത്തുന്ന കീടങ്ങൾ ബൾബിന് താഴെയുള്ള വിഷദ്രാവകത്തിൽ വീണുചാകും. തണ്ടുതുരപ്പൻ, ഓലചുരുട്ടി, മൂഞ്ഞ, ചാഴി തുടങ്ങിയ കീടങ്ങളെ ഇങ്ങനെ തുരത്താനാകും.

മിത്രകീടങ്ങൾക്ക്‌ മിത്രം

രാത്രി പത്തിനുശേഷം പ്രവർത്തിക്കാത്തതിനാൽ മിത്രകീടങ്ങൾ നശിക്കില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ പാത്രങ്ങളിലെ വിഷദ്രാവകം മാറ്റും. കുറഞ്ഞ െചലവിൽ കീടനിയന്ത്രണം ഫലപ്രദമായി നടത്തുന്നതിന് സോളാർ ലൈറ്റ് ട്രാപ്പ് പ്രയോജനപ്രദമാണെന്ന് കല്ലറ കൃഷി ഓഫീസർ ജോസഫ് ജെഫ്രി പറഞ്ഞു.