കല്ലറ: അങ്കണവാടിക്ക് സമീപമായി അജ്ഞാതനെ കണ്ടത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ കല്ലറ കളമ്പുകാട് ആണ് സംഭവം. സമീപവാസിയായ വീട്ടമ്മ കുട്ടിയുമായി അങ്കണവാടിയിലേക്ക് പോകുന്ന വഴി റോഡരുകിൽ അപരിചിതനെ കണ്ടു.

ഭയന്ന ഇവർ പ്രധാന റോഡിൽനിന്ന് അൽപ്പം കയറി സ്ഥിതിചെയ്യുന്ന അങ്കണവാടിയിലേക്ക് വേഗംപോയി. 11 മണിയോടെ ഇയാൾ അങ്കണവാടിക്ക് സമീപത്തെ വീട്ടിലെത്തി ഭക്ഷണവും വസ്ത്രവും ആവശ്യപ്പെട്ടു. ഇയാളോട് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെങ്കിലും പോകാൻ തയ്യാറായില്ല. ഈ സമയം വീട്ടമ്മ ബഹളം വെച്ചു. തുടർന്ന് ഇയാൾ ഫോൺചെയ്ത് പുറത്തേക്ക് പോയി. നിമിഷങ്ങൾക്കകം റോഡിൽവന്നുനിന്ന വാനിൽ കയറി കോട്ടയം ഭാഗത്തേക്ക് പോകുകയും ചെയ്തു. ഈ സംഭവം വീട്ടമ്മ പരിസരവാസികളെയും അങ്കണവാടി അധ്യാപികയെയും അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അധ്യാപിക പി.ടി.ഷൈനി കടുത്തുരുത്തി പോലീസിൽ പരാതി നൽകി.