കടുത്തുരുത്തി : ഓഗസ്റ്റ് ഒന്നുമുതൽ സർവീസ് നിർത്തിവെക്കുമെന്ന ഒരുവിഭാഗം ബസുടമകളുടെ തീരുമാനവുമായി സഹകരിക്കില്ലെന്ന്, പുതിയതായി രൂപംകൊണ്ട ബസുടമകളുടെ സംഘടനയായ പബ്ലിക് ബസ് ഓപ്പറേറ്റേഴ്‌സ് യൂണിറ്റി ഭാരവാഹികൾ അറിയിച്ചു. പ്രതിസന്ധി നേരിടുന്ന ബസ് വ്യവസായം നിലനിർത്തിക്കൊണ്ടുപോകുന്നതിനായി റോഡ് നികുതി പൂർണമായി ഒഴിവാക്കിണമെന്നും ഇന്ധനവിലയിൽ സബ്സിഡി നല്കണമെന്നും ആവശ്യപ്പെട്ട് സംഘടന സർക്കാരിലേക്ക് നിവേദനവും നൽകിയിട്ടുണ്ട്. 500-ഓളം ബസാണ് സംഘടനയ്ക്കുകീഴിലുള്ളത്.
ഈ മേഖലയിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ തൊഴിൽനഷ്ടം അവരുടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറതന്നെ ഇല്ലാതാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികബാധ്യത കണക്കാക്കാതെ, ഇപ്പോൾ സർവീസ് നടത്തുന്ന എല്ലാ സർവീസുകളും തുടർന്നും ഉണ്ടായിരിക്കുമെന്ന് പബ്ലിക് ബസ് ഓപ്പറേറ്റേഴ്‌സ് യൂണിറ്റി സംസ്ഥാന പ്രസിഡന്റ് ജെയ്‌മോൻ ചിറയിലും ജനറൽ സെക്രട്ടറി മാത്യൂസ് ചെറിയാനും അറിയിച്ചു.