കടുത്തുരുത്തി: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ(എം.വി.ഐ.പി.) കടുത്തുരുത്തി നിയോജകമണ്ഡലത്തിൽ വരുന്ന വിവിധ കനാലുകളിലൂടെ 21-ന് ജലവിതരണം ആരംഭിക്കും. മോൻസ് ജോസഫ് എം.എൽ.എ.യാണ് ഇക്കാര്യം അറിയിച്ചത്.
വേനൽ കടുത്തതോടെ ആയിരക്കണക്കിനേക്കർ വരുന്ന കൃഷിയിടങ്ങളും കിണറുകളും വറ്റിവരളാൻ തുടങ്ങി. ഇതോടെ കനാലിലൂടെ ജലവിതരണം തുടങ്ങണമെന്നുള്ള ശക്തമായ ജനകീയ ആവശ്യത്തിന്റെ പശ്ചാത്തലത്തിലാണ് ജലവിതരണത്തിന് നടപടി സ്വീകരിച്ചത്. മലങ്കര ഡാമിന്റെ ഷട്ടറുകൾ 17-ന് തുറക്കും. ഷട്ടറുകൾ തുറക്കുന്നതോടെ 21മുതൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ കനാലുകളിലേക്ക് ജലമെത്തും. വൈദ്യുതി ഉത്പാദനകേന്ദ്രങ്ങളിൽ കെ.എസ്.ഇ.ബി.യുടെ വാർഷിക അറ്റകുറ്റപ്പണികൾ നടക്കുന്നതുമൂലം ഡാമിലെ ജലനിരപ്പ് താഴ്‌ന്നിട്ടുണ്ട്.
ഇതുമൂലമാണ് കനാലിലൂടെ വെള്ളം തുറന്നുവിടാൻ കഴിയാതെവന്നത്. എം.വി.ഐ.പി.യുടെ കീഴിൽ വരുന്ന മെയിൻ കനാലുകളും വിവിധ സബ് കനാലുകളും അറ്റകുറ്റപ്പണികൾ നടത്തി ജലവിതരണത്തിന് ഉപയുക്തമാക്കിയതായി മോൻസ് ജോസഫ് അറിയിച്ചു. വരൾച്ചയുടെ രൂക്ഷത വർധിക്കുന്നതുമൂലം പുഴകളിലെയും തോടുകളിലെയും കിണറുകളിലും ജലനിരപ്പു താഴാൻ തുടങ്ങിയത് ജനങ്ങൾ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എം.വി.ഐ.പി. കനാലിലൂടെ സുഗമമായി ജലവിതരണം നടന്നാൽ വരുംമാസങ്ങളിലെ വരൾച്ചയെ ഒരളവോളം നേരിടാനാകുമെന്ന പ്രതീക്ഷയിലാണ് ആയിരക്കണക്കിനുവരുന്ന നാട്ടുകാർ.