കാഞ്ഞിരപ്പള്ളി: ജീവിതം ദൈവത്തിനും കളിച്ചുവളർന്ന വീട് സമൂഹത്തിൽ വേദനിക്കുന്നവർക്കും നൽകിയ ശുശ്രൂഷാമുഖമാണ് മാർ ജോസ് പുളിക്കൽ. ഇഞ്ചിയാനിലെ തറവാട് വീട് സ്‌നേഹദീപമെന്ന ആശ്രമമാണ് ഇപ്പോൾ.
നിരാംലബരായ കുരുന്നുകൾക്ക് ഇവിടെ സംരക്ഷണം നൽകിവരുന്നു. ഏക മകനെ ദൈവത്തിന് സമർപ്പിച്ച മാർ ജോസ് പുളിക്കലിന്റെ മാതാപിതാക്കൾ അന്ത്യംവരെ ആ സ്‌നേഹഭവനിലെ മുത്തച്ഛനും മുത്തശ്ശിയുമായി കഴിഞ്ഞു. പുളിക്കൽ വീടും മുഴുവൻ സ്വത്തുക്കളും സിസ്റ്റേഴ്‌സ് ഓഫ് ഹോളി സ്പിരിറ്റിന് വിട്ടുനൽകുകയായിരുന്നു. 19 കുട്ടികളാണ് ഇവിടുള്ളത്.
ഈ സ്‌നേഹത്തണലിൽ കളിച്ചും പഠിച്ചും വളർന്ന് നാന്നൂറോളം കുട്ടികൾ പുതിയ ജീവിതം കണ്ടെത്തി. നിരാംലബരെ സംരക്ഷിക്കാൻ തുടങ്ങിയ ’ജീസസ് ഫ്രട്ടേണിറ്റി’ എന്ന സംഘടനയാണ് ഈ അഭയകേന്ദ്രത്തിന് തുടക്കമിട്ടത്. മാർ ജോസ് പുളിക്കലിനെ രൂപതാ മെത്രാനായി പ്രഖ്യാപിച്ചത് സ്‌നേഹദീപം ആശ്രമത്തിലെ കുട്ടികൾ ആഘോഷമാക്കി.