തിരൂർ : മലയാള സർവകലാശാലയിൽ അധ്യാപകനിയമനത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച് ഉദ്യോഗാർഥി തന്റെ പ്രബന്ധങ്ങൾക്ക് തീയിട്ടു.

ദേഹത്ത് മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തിരൂരിലെ മലയാള സർവകലാശാലാ ഓഫീസിൽ മലയാള സാഹിത്യപഠനം അധ്യാപക നിയമന അഭിമുഖം നടക്കുന്നതിനിടെയാണ് സംഭവം.

കോട്ടയം മറ്റക്കര സ്വദേശിയും തൃശ്ശൂർ അയ്യന്തോളിൽ താമസക്കാരനുമായ കുഴിക്കാട്ടുവീട്ടിൽ ഡോ.കെ.എം. അജി (42)യാണ് പ്രതിഷേധം നടത്തിയത്. നിയമനത്തിൽ ക്രമക്കേടുണ്ടെന്നും യോഗ്യതയുണ്ടായിട്ടും ഷോർട്ട് ലിസ്റ്റിൽപോലും ഉൾപ്പെടുത്താതെ തന്റെ അവസരം നിഷേധിച്ചുവെന്നുമായിരുന്നു ആരോപണം.

കഴുത്തിൽ പ്ലക്കാർഡ് ധരിച്ച് സർവകലാശാലകളിൽ ക്രമക്കേടും അഴിമതിയും നടക്കുന്നുവെന്ന് മുദ്രാവാക്യം മുഴക്കിയുമാണ് ഇയാൾ പ്രതിഷേധിച്ചത്. പതിനഞ്ച് മിനിറ്റുനേരം പ്രതിഷേധം നടത്തി. പ്രബന്ധം കത്തിച്ചത് സുരക്ഷാ ജീവനക്കാരും സർവകലാശാല ജീവനക്കാരും ചേർന്നണച്ചു. ജീവനക്കാർ ഇയാളെ പിടിച്ചുപുറത്താക്കി. തിരൂർ പോലീസിൽ വിവരമറിയിച്ചു. പോലീസെത്തിയപ്പോഴേയ്ക്കും ഇയാൾ സ്ഥലംവിട്ടിരുന്നു. വൈക്കം തലയോലപ്പറമ്പ് ഡി.ബി. കോളേജിലെ മലയാള അധ്യാപകനായ അജി എട്ട് സർക്കാർ കോളേജുകളിൽ താത്കാലിക അധ്യാപകജോലി ചെയ്തുവെങ്കിലും പത്തുവർഷമായിട്ടും സ്ഥിരനിയമനം ലഭിച്ചിരുന്നില്ല. എം.എ, പിഎച്ച്.ഡി, എം.ഫിൽ യോഗ്യതകളുണ്ട്.

തന്റെ എട്ടുവർഷത്തെ ഗവേഷണ ഫലമായുണ്ടാക്കിയ ‘ആധുനികത- പാഠങ്ങൾ സമീപനങ്ങൾ’ എന്ന പ്രബന്ധമാണ് സർവകലാശാലയിട്ട് കത്തിച്ചതെന്ന് അജി പറഞ്ഞു. തന്റെ മുഴുവൻ സർട്ടിഫിക്കറ്റുകളും ഉടൻ കത്തിക്കുമെന്നും ഇയാൾ അറിയിച്ചു.

സാഹിത്യപഠനം അസി.പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ട അവസാനതീയതി ഫെബ്രുവരി പത്തായിരുന്നെന്നും അജിയുടെ അപേക്ഷ സമയ പരിധിക്കുള്ളിൽ കിട്ടിയിരുന്നില്ലെന്നും വൈസ് ചാൻസലർ ഡോ.അനിൽ വള്ളത്തോൾ പറഞ്ഞു. നിയമനങ്ങൾ സുതാര്യമായിട്ടാണ് നടത്തുന്നതെന്നും സർവകലാശാലയിൽ അക്രമം കാട്ടിയതിന് പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.