കോട്ടയം: ചക്കവിപണി ഉണർന്നു. പലഹാര നിർമാണ യൂണിറ്റുകളിലേക്ക് മാത്രമായി ശേഖരിച്ചിരുന്ന ചക്കയ്ക്ക് മറുനാട്ടിൽ പോലും ആവശ്യക്കാർ വർധിച്ചതോടെ നവംബർ, ഡിസംബർ മുതലേ ചക്ക ശേഖരിക്കാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ വർഷം ഓണക്കാലം കഴിഞ്ഞും മഴയുണ്ടായിരുന്നതിനാൽ പല മേഖലകളിലും മുൻവർഷത്തെ അപേക്ഷിച്ച് ചക്കയുടെ വിളവ് കുറഞ്ഞതാണ് പ്ളാവ് കർഷകർക്ക് അനുഗ്രഹമാകുന്നത്. ഇടത്തരം വലിപ്പമുള്ള ഒരു ചക്കയ്ക്ക് 150 രൂപ മുതൽ 200 രൂപ വരെയാണ് വിപണി വില.

താരമായി ഇടിച്ചക്ക

നിലവിൽ തോരനും കറിക്കുമായുള്ള മൂപ്പെത്താത്ത ഇടിച്ചക്കയാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. ഒരു കിലോയ്ക്ക്‌ 25 രൂപ മുതൽ 30 രൂപയാണ് വില. ഒരുചക്കയെന്ന മതിപ്പ് കാട്ടിയുള്ള കച്ചവടവുമുണ്ട്. ഒരു ഇടിച്ചക്കയ്ക്ക് 35 രൂപ മുതൽ 50 രൂപ വരെയാണ് വില. കാഞ്ഞിരപ്പള്ളി മേഖലയിൽ ഒന്നിലധികം പ്ലാവുകളുള്ള പറമ്പുകളിൽ ചക്ക മൂത്ത് പഴുത്ത് താഴെ വീഴുകയായിരുന്നു പതിവ്. എന്നാൽ ഇടിച്ചക്കയ്ക്ക് ആവശ്യമേറിയതോടെ നല്ലവില ലഭിക്കുമെന്ന ആശ്വാസത്തിലാണ് വീട്ടുകാർ. വീടുകളിലെത്തി ഇടിച്ചക്ക ശേഖരിക്കുന്ന കച്ചവടക്കാരുടെ എണ്ണവും കൂടി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം വിപണികളിലെത്തിച്ചാൽ ടണ്ണിന് 14,000 രൂപ വരെ ലഭിക്കും. ഈരാറ്റുപേട്ടയിൽ രണ്ട് മാസം മുമ്പ് ഇടിച്ചക്കയ്ക്ക് 50 രൂപ വരെ വന്നിരുന്നു. ഇപ്പോൾ 25 രൂപയാണ് കിട്ടുന്നത്. പെരുമ്പാവൂരിലെ മാർക്കറ്റിലെത്തിച്ചാൽ കൂടുതൽ വില ലഭിക്കുമെന്നതിനാൽ അങ്ങോട്ടേക്കാണ് കൂടുതൽ ലോഡുകളും വിടുന്നത്. ഈരാറ്റുപേട്ട, എരുമേലി, റാന്നി, പീരുമേട്, മുണ്ടക്കയം മേഖലകളിൽനിന്നാണ് കൂടുതലായും ഇടിച്ചക്ക ശേഖരിക്കുന്നത്.

നാട്ടുചന്തകളിലും പ്രിയമേറെ

പൊൻകുന്നം, എലിക്കുളം പഞ്ചായത്തിലെ രണ്ടുനാട്ടുചന്ത, കൂരാലി, കുരുവിക്കൂട് എന്നിവിടങ്ങളിൽ കർഷകകൂട്ടായ്മ ചന്തകളിലും എല്ലാ ആഴ്ചയും നാട്ടുകാർ ചക്ക വിൽപ്പനക്കെത്തിക്കുന്നു. നല്ലവിലയ്ക്ക് ഇവ ലേലത്തിൽ വാങ്ങുന്നവരുണ്ട്. അതുകൊണ്ട് ചക്ക മൊത്തത്തോടെ വാങ്ങുന്ന തമിഴ്‌നാടൻ സംഘങ്ങളോട് ഈ പ്രദേശങ്ങളിൽ ഇത്തവണ ആഭിമുഖ്യം കുറവ്. വരിക്കച്ചക്ക 1,010 രൂപയ്ക്ക് ലേലത്തിൽ വിറ്റ് കൂരാലി നാട്ടുചന്ത അടുത്തിടെ റെക്കോഡിട്ടു. 100 രൂപയിൽ കുറയാത്ത വിലയ്ക്ക് മിക്കവാറും ആഴ്ചചന്തകളിൽ ചക്ക ലേലത്തിൽ വാങ്ങുന്നവരുണ്ട്.

റബ്ബർ തോട്ടങ്ങളിൽ പ്ളാവ്

ഈരാറ്റുപേട്ട മേഖലയിൽ ചക്ക മൂല്യവർധിത ഉത്പന്നങ്ങളാക്കി വിദേശത്തേക്ക്‌ അയയ്ക്കുന്ന സ്വകാര്യ സ്ഥാപനങ്ങളുണ്ട്. ഉയർന്ന വില നൽകി ഇവർ ഇടിച്ചക്കയും ചക്കയും വാങ്ങി ഉത്പന്നങ്ങൾ തയാറാക്കുന്നു. വരുംവർഷങ്ങളിൽ ഇതിലും ഉയർന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിൽ റബ്ബർ തോട്ടങ്ങൾ പുനർകൃഷി ചെയ്യുന്നതിന് പകരം പ്ലാവ് തൈകൾ വെയ്ക്കുന്ന കർഷകരും ഇവിടെയുണ്ട്. മൂന്നുവർഷം കൊണ്ട് കായ്ക്കുന്ന പ്ലാവിൻ തൈകൾ സ്വകാര്യ കാർഷിക നഴ്‌സറികളിൽ സുലഭമാണ്.

Content Highlights:  jackfruit Sold at auction for Rs 1,010