ഇളങ്ങുളം: വോട്ടെടുപ്പുകേന്ദ്രം തെറ്റായി രേഖപ്പെടുത്തി വോട്ടേഴ്‌സ് സ്ലിപ്പ്. എലിക്കുളം പഞ്ചായത്തിലെ ഇളങ്ങുളം 173-ാം നമ്പർ ബൂത്തിലെ വോട്ടർമാരാണ് തെറ്റായ സ്ലിപ്പ് മൂലം ആശയക്കുഴപ്പത്തിലായത്.

ഇളങ്ങുളം ശ്രീധർമശാസ്താ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പോളിങ് ബൂത്തിലെ വോട്ടർമാർക്ക് കിട്ടിയ സ്ലിപ്പിലാണ് ഇളങ്ങുളം സെന്റ് മേരീസ് എൽ.പി.സ്‌കൂൾ എന്ന് തെറ്റായി അച്ചടിച്ചത്. സ്ലിപ്പിൽ ഭാഗത്തിന്റെ പേര് എന്ന സ്ഥലത്ത് ദേവസ്വം സ്‌കൂളെന്നുണ്ട്. തൊട്ടുതാഴെ പോളിങ് സ്‌റ്റേഷനായി സെന്റ് മേരീസ് സ്‌കൂളെന്നും. കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പാലാ നിയോജകമണ്ഡലത്തിലാണീ ബൂത്ത്. ആയിരത്തിലേറെ വോട്ടർമാരുണ്ടിവിടെ.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ശാസ്താ ദേവസ്വം സ്‌കൂളിലായിരുന്നു പോളിങ്. മുൻപൊരുതവണ സെന്റ് മേരീസ് സ്‌കൂളിലെ ബൂത്തിൽ ഇതേ വോട്ടർമാർക്ക് പോളിങ് ബൂത്തനുവദിച്ചിരുന്നു. അതിനാൽ ഇത്തവണയും അവിടേക്ക് ബൂത്ത് മാറിയതാവുമെന്നാണ് ഭൂരിഭാഗം വോട്ടർമാരും കരുതിയത്. എന്നാൽ സ്ലിപ്പിൽ പിശകുണ്ടായതാണെന്നും വോട്ടെടുപ്പ് കേന്ദ്രം ദേവസ്വം സ്‌കൂളാണെന്നും ബി.എൽ.ഒ. മേരി കുര്യൻ പറഞ്ഞു. തെറ്റ് തിരഞ്ഞെടുപ്പുദ്യോഗസ്ഥരെ ധരിപ്പിച്ചെന്നും പിന്നീട് വെട്ടിയെഴുതിയാണ് സ്ലിപ്പ് നൽകുന്നതെന്നും ബി.എൽ.ഒ.പറഞ്ഞു. സെന്റ് മേരീസ് സ്‌കൂളിൽ എലിക്കുളത്തെ തന്നെ മറ്റൊരു ബൂത്തുണ്ട്.

Content Highlights: Ilangulam Polling Station Marks Voters Slip Wrongly