ഏറ്റുമാനൂർ: കനത്തമഴയെത്തുടർന്ന് ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം. മരംവീണ് കെട്ടിടങ്ങൾക്കും വീടുകൾക്കും നാശമുണ്ടായി. മാടപ്പാട് പശുത്തൊഴുത്തിനു മുകളിലേക്ക് മരംവീണ്‌ പശുക്കൾക്ക് പരിക്കേറ്റു. ഏറ്റുമാനൂരിൽ കോടതി വളപ്പിൽ മരം വാഹനങ്ങൾക്ക് മുകളിൽ വീണതിനെത്തുടർന്ന് കനത്ത നാശനഷ്ടമുണ്ടായി. ഇവിടെ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് മുകളിലാണ് മരം വീണത്. അപകടാവസ്ഥയിലാണെന്ന് കണ്ടതിനെ തുടർന്ന് വെട്ടിമാറ്റാൻ നിർദേശം നൽകിയിരുന്ന മരമാണ് അപകടത്തിൽപ്പെട്ടത്.

ഓടകൾ അടഞ്ഞ് കാണക്കാരി സ്‌കൂളിന് മുൻപിൽ വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം ഇതുവഴി പോകുന്ന യാത്രക്കാർ ഏറെ ദുരിതമാണ് അനുഭവിക്കേണ്ടി വരുന്നത്. ഇതിനെതിരെ മുൻപും നാട്ടുകാരും സമീപത്തെ വ്യാപാരികളും പ്രതിക്ഷേധിചിരുന്നതാണ്. വഴിയിൽ വെള്ളം ഉയർന്നത് കാൽനട യാത്രക്കാരെയും ചെറുവാഹനങ്ങളുമായി വരുന്നവരെയും ഒരുപോലെ ദുരിതത്തിലാക്കിയിരിക്കുകയാണ്. സമീപത്തെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥതയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്കെതിരേ വീണ്ടും പ്രതിക്ഷേധിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാരും വ്യാപാരികളും.

പടിഞ്ഞാറേ കുടല്ലൂരിൽ വായനശാലയ്ക്ക് മുകളിൽ മരം കടപുഴകിവീണ്‌ മേൽക്കൂര തകർന്നു. സമീപത്തെ പോസ്റ്റോഫിസിനും തകരാറുകൾ സംഭവിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടായ കനത്തമഴയിലും കാറ്റിലുമാണ് മരംവീണത് കനത്തകാറ്റിലും മഴയിലും കടപ്പൂര് മേഖലയിൽ കനത്ത നാശനഷ്ടം, മരങ്ങൾ കടപുഴകി വഴിയിൽ കിടക്കുന്നതിനാൽ വാഹനഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ഒരുമണിയോടെ വീശിയടിച്ച കാറ്റിലാണ് മരങ്ങൾ കടപുഴകിയ വൈദ്യുതിവിതരണവും തടസ്സപ്പെട്ടത്‌.

മാടപ്പാട് മൂലയിൽ സന്തോഷ് കുമാറിന്റെ വീട്ടിലെ കന്നുകാലിക്കൂട് തേക്ക് കടപുഴകി വീണ്‌ പൂർണമായും നശിച്ചു. ഇദ്ദേഹത്തിന്റ വീടിന്റ മേൽക്കൂര ഭാഗികമായും തകർന്നു. ഈ സമയം കൂട്ടിലുണ്ടായിരുന്ന മൂന്നുപശുക്കൾക്ക് സാരമായി പരിക്കേറ്റു. ഇതിൽ രണ്ടുപശുക്കൾ പ്രസവിക്കാറായതാണ്. വ്യാഴാഴ്ച രാവിലെ 8.30-ന് വീശിയടിച്ച കാറ്റിലായിരുന്നു മരം കടപുഴകിയത്.

പേരൂർ ഭാഗത്ത് മീനിച്ചിലാറ്റിലെ ജലനിരപ്പ് അനുനിമിഷം ഉയരുന്നത് പ്രദേശവാസികളെ പരിഭ്രാന്തിയിലാഴ്ത്തി. കഴിഞ്ഞ മഹാപ്രളയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ആറ്റിലെ വെള്ളത്തിന്റെ വരവ്.