കാഞ്ഞിരപ്പള്ളി : മഴക്കെടുതിയിൽ വീടും നശിച്ചതിനൊപ്പം ഏകമകളുടെ വിവാഹത്തിനായി സ്വരുകൂട്ടിവെച്ചിരുന്ന സ്വർണവും വിവാഹവസ്ത്രങ്ങളും വെള്ളത്തിൽ ഒലിച്ചുപോയി.

തേനാകരയിൽ ടി.കെ. വിജയൻ, ഭാര്യ ഓമന, ഏകമകൾ ടി.വി.ആരതി എന്നിവരുടെ സ്വപ്‌നങ്ങളാണ് മഴയിൽ തകർന്നത്. റബ്ബർ ടാപ്പിങ് തൊഴിലാളിയാണ് വിജയൻ. വിഴക്കിത്തോട് ആർ.വി.ജി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണിവർ.

വീടുംപോയി ഒപ്പം മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന സമ്പാദ്യവും പോയതിന്റെ ദുഃഖത്തിലാണ് കുടുംബം.

വർഷങ്ങൾകൊണ്ട് സമ്പാദിച്ചുവെച്ചതാണ് പ്രളയം കവർന്നത്. ഇനി മുന്നോട്ട് എന്ത് ചെയ്യണമെന്നറിയില്ലെന്ന് ഇവർ പറയുന്നു. കഴിഞ്ഞ 16-നുണ്ടായ പ്രളയത്തിൽ മണിമലയാർ കരകവിഞ്ഞൊഴുകിയപ്പോൾ കുറുവാമുഴി- വിഴിക്കിത്തോട് റോഡരികിലെ 13 വീടുകൾക്കൊപ്പം വിജയന്റെ വീടും ഒലിച്ചുപോയി.

കഴിഞ്ഞമാസം നടത്താനിരുന്ന ആരതിയുടെ വിവാഹം അടുത്തബന്ധു മരിച്ചതിനെ തുടർന്ന് മാറ്റി വെയ്ക്കുകയായിരുന്നു. വിവാഹം സമയത്തിന് എങ്ങനെ നടത്തുമെന്ന് അറിയാൻ കഴിയാതെ ദുഃഖത്തിലാണ് വിജയനും കുടുംബവും.