ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിയിൽ ഇനി കുട്ടികൾക്കായി വായനശാലയും. ബുധനാഴ്ച നടന്ന ചടങ്ങിൽ സംവിധായകൻ ജയരാജ് ആശുപത്രിയിലെത്തിയ കുട്ടിക്ക് ആദ്യ പുസ്തകം കൈമാറി തുടക്കം കുറിച്ചു.

പിച്ചവെക്കുന്ന കാലത്തുതന്നെ ആശുപത്രിവാസത്തിലെത്തിപ്പെട്ട കൊച്ചുകുട്ടികൾക്ക് തെല്ലൊരാശ്വാസത്തിനായാണ് ഈ പുസ്തകശേഖരം സമർപ്പിക്കുന്നതെന്ന് സംഘാടകരായ കോട്ടയം മെഡിക്കൽ കോളേജ് എസ്.എഫ്.ഐ. യൂണിറ്റ് പ്രവർത്തകർ പറഞ്ഞു.

വിദ്യാർഥികൾ, അദ്ധ്യാപകർ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവരിൽനിന്നാണ് പുസ്തകങ്ങൾ ശേഖരിച്ചത്.. ലൈബ്രറിയുടെ തുടർപ്രവർത്തനങ്ങളിലേക്കായി 10000 രൂപയുടെ പുസ്തകങ്ങൾ ജയരാജ് വാഗ്ദാനം ചെയ്തു. കൂടാതെ ഇനി അദ്ദേഹം ചെയ്യുന്ന ഓരോ സിനിമയുടെയും സമയത്ത് പതിനായിരം രൂപ വീതം ഇൗ പദ്ധതിക്കായി ചെലവഴിക്കുമെന്നും അദ്ദേഹം അറിയിച്ചു.

പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ഓമന, സൂപ്രണ്ട് ഡോ. സവിത, ആർ.എം.ഒ. ഡോ. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ലൈബ്രറിയിലേക്ക് പുസ്തകങ്ങളും കളിപ്പാട്ടങ്ങളും സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർ 9745671772, 6282966380 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.