ഏറ്റുമാനൂർ: പടിഞ്ഞാറേനട നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയുടെ നിർമാണം അവസാനഘട്ടത്തിൽ. നഗരസഭയുടെ 33, 34 വാർഡുകളിലെ 218 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

വേനൽക്കാലത്ത് കടുത്ത ജലക്ഷാമം അനുഭവപ്പെടുമ്പോൾ നഗരസഭയും സന്നദ്ധ സംഘടനകളും ടാങ്കറുകളിലെത്തിക്കുന്ന വെള്ളം മാത്രമാണ് ഇവിടത്തുകാരുടെ ആശ്രയം. സ്വകാര്യ വ്യക്തി നൽകിയ ഒരു സെൻറ് സ്ഥലത്താണ് പദ്ധതിക്കുവേണ്ടി അൻപതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമിക്കുന്നത്.

എം.എൽ.എ. ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും എം.പി. ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും നഗരസഭയുടെ 10 ലക്ഷം രൂപയും ഉൾപ്പെടെ 70 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നതെന്ന് കൗൺസിലർ ഉഷാ സുരേഷ് പറഞ്ഞു. ഏറ്റുമാനൂർ സർക്കാർ ആശുപത്രി പരിസരത്തെ പ്രധാന ടാങ്കിൽ നിന്നാണ് ഈ ടാങ്കിലേക്ക് വെള്ളം എത്തിക്കാൻ ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പൈപ്പ് ലൈനുകൾ ഘടിപ്പിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.