എരുമേലി : എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിൽ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 16 ജീവനക്കാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്.

ഇതോടെ ഒരാഴ്ചയായി നിലനിന്നിരുന്ന ആശങ്ക മാറി. 16 ജീവനക്കാർ ക്വാറന്റീനിലായതോടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര ജീവനക്കാരില്ലാത്ത സ്ഥിതിയായിരുന്നു. പൊതുജനാരോഗ്യ വിഭാഗത്തിലുള്ള ജീവനക്കാരാണ് പ്രാഥമിക സമ്പർക്ക പട്ടികയിൽ കൂടുതൽ ആളുകൾ. രോഗബാധിതനും ഈ വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.

അവധിക്കുശേഷം തിരുവനന്തപുരത്തുനിന്ന്‌ കഴിഞ്ഞ 21-നാണ് ജീവനക്കാരൻ ആശുപത്രിയിലെത്തിയത്. പനിയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെത്തുടർന്ന് ഡോക്ടറെക്കണ്ട് മരുന്ന് വാങ്ങുകയും ലാബിൽ രക്ത പരിശോധന നടത്തുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.