എരുമേലി : സ്വകാര്യ സ്വർണപ്പണയ സ്ഥാപനത്തിൽ മാറ്റ് നോക്കാൻ കൊടുത്ത കല്ലുപതിപ്പിച്ച സ്വർണമോതിരം സ്ഥാപന ഉടമ അനുവാദമില്ലാതെ വിറ്റതായി പരാതി. എരുമേലി പൂവത്തുങ്കൽ സുബൈദാ ബഷീറാണ് ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിരിക്കുന്നത്. എന്നാൽ പരാതി അടിസ്ഥാനരഹിതമെന്നാണ് സ്ഥാപന ഉടമയുടെ നിലപാട്. കഴിഞ്ഞ പത്തിനാണ് സംഭവം. സംഭവത്തിൽ പരാതി നൽകിയിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്.

പരാതിക്കാരി പറയുന്നു...

ആശുപത്രി ആവശ്യത്തിനായി കഴിഞ്ഞ പത്തിനാണ് എരുമേലി സ്വകാര്യ ബസ്‌സ്റ്റാൻഡിന്റെ എതിർവശത്തുള്ള സ്വർണപ്പണയ സ്ഥാപനത്തിൽ പണയം വെയ്ക്കാനെത്തിയത്. സ്വർണം പണയം നൽകി പണം വാങ്ങിയ ശേഷം തന്റെ കല്ല് പതിപ്പിച്ച സ്വർണ മോതിരത്തിന്റെ മാറ്റ് നോക്കാൻ കൊടുക്കുകയായിരുന്നു. മാറ്റ്‌ നോക്കുന്നയാൾ വരാൻ താമസിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് മോതിരം ഏൽപിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

തിരികെ അഞ്ച് മണിയോടെ എത്തിയെങ്കിലും സ്ഥാപനം അടച്ചിരുന്നു. പിറ്റേന്ന് രാവിലെ മോതിരം വാങ്ങാൻ എത്തിയപ്പോൾ മോതിരം വിറ്റതായും പകരമായി 2.300 ഗ്രാം തൂക്കം വരുന്ന മോതിരവും 8500 രൂപയും നല്കുകയായിരുന്നു.

12 വർഷം മുൻപ് വിദേശത്ത് ജോലിയിലിലിരിക്കെ 300 റിയാലിന് വാങ്ങിയതാണ് മോതിരമെന്നും മോതിരത്തിലെ കല്ലുകൾ വിലപിടിച്ചതാണെന്നും വീട്ടമ്മ പറയുന്നു.

എരുമേലി പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തെങ്കിലും അനുകൂല നിലപാടുണ്ടായില്ല. ഇതിനാലാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി കൊടുത്തത്.

ഈ സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികൾ ഉള്ളതായാണ് ആക്ഷേപം. മാറ്റ് നോക്കാൻ ഏൽപിച്ച കല്ല് പതിപ്പിച്ച സ്വർണമോതിരം എന്തടിസ്ഥാനത്തിലാണ് വിറ്റതെന്നാണ് വീട്ടമ്മയുടെ ചോദ്യം.

ധനകാര്യസ്ഥാപന ഉടമ പറയുന്നു...

പരാതി അടിസ്ഥാനരഹിതമാണ്. മോതിരം വിൽക്കാൻ ഏൽപിച്ചതാണ്. വിൽക്കുന്ന സമയത്ത് ഉടമയെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേന്ന് അവർ വന്നപ്പോൾ പണം കൊടുത്തു.