എരുമേലി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എരുമേലിയിലെ മത്സ്യവില്പന കേന്ദ്രങ്ങൾ വ്യാഴാഴ്ചമുതൽ ഏഴുദിവസത്തേക്ക് അടച്ചിടാൻ തീരുമാനം.

മത്സ്യമാർക്കറുകളുമായി ബന്ധപ്പെട്ട് എരുമേലി മേഖലയിൽ രോഗം വീണ്ടുമെത്താമെന്ന നിഗമനത്തിലാണ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ എന്നിവരുടെ നേതൃത്വത്തിൽ തീരുമാനമെടുത്തത്.

ചങ്ങനാശ്ശേരി, പായിപ്പാട്, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളിൽ നിന്നുമാണ് എരുമേലിയിൽ മീൻ എത്തിച്ചിരുന്നത്.

കടക്കാർ മാർക്കറ്റിൽ പോയി മീനെടുക്കുകയും ചിലർ തൊഴിലാളികളെക്കൊണ്ട് കടകളിലേക്ക് മീൻ എത്തിച്ചിട്ടുള്ളതായും ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മീൻകടകൾ അടയ്ക്കാൻ നിർദേശം.