എരുമേലി: കോവിഡ് വ്യാപിക്കുന്നതിന്റെ ആകുലതയിലാണ് നാട്.

രോഗികളുടെ എണ്ണം കൂടുന്നതനുസരിച്ച് ചികിത്സാ സൗകര്യം ഒരുക്കാനുള്ള തത്രപ്പാടിലാണ് ഭരണകൂടം. വിദേശരാജ്യങ്ങളിൽനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമായി നാട്ടിലെത്തിയവർ വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിൽ കഴിയുന്നു.

സ്വതന്ത്രമായ ജീവിതത്തിനിടെ കോവിഡ് കൊണ്ടുവന്ന ‘ബന്ധനം’ അനുസരിക്കാൻ ബാധ്യസ്ഥരാവുമ്പോഴും പലർക്കും പതിവ് ജീവിത രീതിയിൽനിന്ന് പെട്ടെന്ന് മാറിയതിന്റെ നിരാശയും ദേഷ്യവുമുണ്ട്.

ഇവരുടെ ‘പ്രതിഫലന’ങ്ങൾ ഏറെയും അനുഭവിച്ചറിഞ്ഞത് ആരോഗ്യവകുപ്പ് ജീവനക്കാരാണ്.

അവധിപോലുമെടുക്കാതെ കോവിഡ് പ്രതിരോധത്തിലേർപ്പെട്ടിട്ടുള്ള എരുമേലിയിലെ ആരോഗ്യ വകുപ്പ് ജീവനക്കാരുടെ അനുഭവങ്ങളിലൂടെ.

സാർ...കുടിക്കാൻ വെള്ളമില്ല

എരുമേലിക്ക് സമീപം മണിപ്പുഴയിൽ വീട്ടിൽ ക്വാറന്റീനിലായ വ്യക്തിക്ക് കുടിക്കാനും പ്രാഥമികാവശ്യത്തിനും വെള്ളമില്ല. കുടിവെള്ളത്തിന് മാർഗം കുഴൽക്കിണർ ആയിരുന്നു. എന്നാൽ, വൈദ്യുതി ഇല്ലാഞ്ഞതിനാൽ പമ്പിങ് നടന്നില്ല.

ടാങ്കറിൽ വെള്ളം എത്തിച്ചപ്പോൾ അയൽവാസികളുടെ പ്രശ്‌നം. വെളിയിലിറങ്ങാൻ സമ്മതിക്കുന്നില്ല. ഒടുവിൽ ആരോഗ്യ വകുപ്പ് ജീവനക്കാരെത്തിയാണ് വെള്ളം ശേഖരിച്ചത്.

രാത്രി പത്ത്...ഒരുകിലോ പഴം കിട്ടുമോ

രാത്രി പത്ത് മണിയായി. അപ്പോഴാണ് എരുമേലിയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് ഫോൺ വിളി വന്നത്. എരുമേലിക്ക് സമീപം വീട്ടിൽ ക്വാറന്റീനിലുള്ള യുവതിയാണ് പഴവർഗങ്ങൾക്കായി രാത്രിയിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചത്. രാത്രിയിൽ എല്ലാദിവസവും പഴം കഴിക്കാറുണ്ടത്രെ. കടകളില്ലാഞ്ഞതിനാൽ ഉദ്യോഗസ്ഥൻ രക്ഷപ്പെട്ടു.

ഒന്ന് പുറത്തിറങ്ങിക്കോട്ടെ

വിദേശത്തുനിന്നുമെത്തിയ മധ്യവയസ്‌കൻ വീട്ടിൽ ക്വാറന്റിനിലായിരുന്നു.

12 ദിവസം കഴിഞ്ഞതോടെ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥന് വിളിയെത്തി. ‘സാർ, ബോറടിച്ച് മടുത്തു, ഞാനൊന്ന് പുറത്തിറങ്ങിക്കോട്ടെ’. മരം ലൈനിലേക്ക് വീണ് വൈദ്യുതി തകരാറിലായതിനാൽ ടി.വി. കാണാനാവുന്നില്ല. ഒടുവിൽ ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് വൈദ്യുതി സെക്ഷൻ ഓഫീസുമായി ബന്ധപ്പെടേണ്ടിവന്നു.

ബ്രഡ്ഡ് വേണ്ട, ചോറ് മതി

ക്വാറന്റീനിലായിരുന്ന യുവാവിന് ഉച്ചക്ക് ബ്രഡ്ഡും ഏത്തപ്പഴവും കൊടുത്തപ്പോൾ വേണ്ട. ചോറും കറികളും വേണമെന്ന് നിർബന്ധം പിടിച്ചതോടെ ഉദ്യോഗസ്ഥർ വിഷമിച്ചു. ഒടുവിൽ ഒരുവീട്ടിൽനിന്ന് ചോറും കറികളും എത്തിച്ച് പ്രശ്നം വഷളാകാതെ പരിഹരിച്ചു.

എനിക്ക് വീട്ടിൽ പോണം

നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറായിരുന്നയാൾ മഹാരാഷ്ട്രയിൽനിന്ന് നാട്ടിലെത്തി ഹോം ക്വാറന്റീനിലായശേഷം നാട്ടിൽ കറങ്ങി നടക്കുന്നതായാണ് ആരോപണം ഉയർന്നത്.

പോലീസും ആരോഗ്യ വകുപ്പും ചേർന്ന് ബലപ്രയോഗത്തിലൂടെയാണ് ഇദ്ദേഹത്തെ എരുമേലിയിലെ ക്വാറന്റീൻ കേന്ദ്രത്തിലാക്കിയത്. വീട്ടിൽ പോകണമെന്ന് ആവശ്യവുമായി ക്വാറന്റീൻ കേന്ദ്രത്തിലും ഇദ്ദേഹം ആത്മഹത്യാഭീഷണി മുഴക്കുകയുണ്ടായി. അനുനയിപ്പിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു.