എരുമേലി: ഭക്തിനിറഞ്ഞ തീർഥാടനകാലത്തിന് വൃത്തിയുടെ മുഖമേകാൻ പോലീസിന്റെ പുണ്യം പൂങ്കാവനം പദ്ധതി തിങ്കളാഴ്ച തുടങ്ങും. വ്യാപാരി സംഘടനകൾ, സ്കൂൾ, കോളേജ്, സന്നദ്ധ-സമുദായ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം മലിനീകരണത്തിനെതിരേ ബോധവത്കരണവും നടത്തും. ജില്ലാ കോ-ഓർഡിനേറ്റർ റിട്ട. എ.സി. അശോക് കുമാർ, എരുമേലി കോ-ഓർഡിനേറ്റർ എസ്.ഐ. എം.എസ്.ഷിബു എന്നിവരാണ് നേതൃത്വം നൽകുന്നത്.
പദ്ധതി നടത്തിപ്പിനായി എരുമേലി ദേവസ്വം ഹാളിൽ ചേർന്ന യോഗം ഡിവൈ.എസ്.പി. ഗിരീഷ് പി.സാരഥി ഉദ്ഘാടനം ചെയ്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ജി.ബിജു അധ്യക്ഷത വഹിച്ചു. എസ്.ഐ. പി.എസ്.വിനോദ്, ഫാ. വർഗീസ് കണിയമലക്കൽ, പി.എച്ച്.നെജീബ്, നാസർ പനച്ചി, മുജീബ് റെഹ്മാൻ, എസ്.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.