എരുമേലി: എരുമേലിയിൽ മലിനമാകുന്ന ജല സ്രോതസ്സുകൾ മാലിന്യമുക്തമാകാൻ മഴയെത്തണം. ജലസ്രോതസ്സുകൾ നേരിടുന്ന മലിനീകരണം തടയാനും മലിനജല സംസ്കരണ സംവിധാനമില്ലാത്തതുമാണ് പ്രധാന പ്രശ്നം.
എരുമേലി ടൗണിന് കുറുകെ ഒഴുകുന്ന കൊച്ചുതോടും സമാന്തരമായി ഒഴുകുന്ന വലിയതോടും ജനങ്ങൾക്ക് മാലിന്യങ്ങൾ തള്ളാനും മലിനജലം ഒഴുക്കാനുമുള്ള ഇടങ്ങളായി മാറി.
ശൗചാലയങ്ങൾ ഏറെ
ഭക്തരുടെ തിരക്കനുസരിച്ച് ശൗചാലയങ്ങളുടെ എണ്ണം കൂട്ടേണ്ടത് ആവശ്യമാണ്. എന്നാൽ, മലിനീകരണമില്ലാതെ ശാസ്ത്രീയമായി നിർമിക്കണമെന്നാണ് ആവശ്യം. തീർഥാടനകാലത്ത് ദിവസേന നിരവധി അയ്യപ്പഭക്തരെത്തുന്ന എരുമേലി ടൗണിലും പരിസരങ്ങളിലുമായി ദേവസ്വം ബോർഡിനും മതസംഘടനകൾക്കും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുമായി അറുനൂറിലേറെ ശൗചാലയങ്ങളാണുള്ളത്. ഇവയിൽ ഏറിയവയും പതിറ്റാണ്ടുകൾക്ക് മുമ്പുള്ള നിർമിതിയായതിനാൽ ശൗചാലയ ടാങ്കുളുടെ നിലവാരവും ശേഷിയും സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
ആരോഗ്യവകുപ്പിന്റെ സാനിട്ടേഷൻ സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്നവയാണ് അധികവും. സേഫ്റ്റി ടാങ്കാണെങ്കിൽ പ്രശ്നമില്ലെന്ന് ആരോഗ്യവകുപ്പ് പറയുമ്പോഴും ഇതുസംബന്ധിച്ച് പരിശോധന നടത്തുന്നില്ലെന്നാണ് ആക്ഷേപം. ശൗചാലയ മാലിന്യം സംസ്കരിക്കാൻ രണ്ട് സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ദേവസ്വം ബോർഡിനുണ്ട്.
ഓടകൾവഴി തോട്ടിലേക്ക്...പിന്നെ ആറ്റിലേക്ക്
ടൗണിൽ പാതയോരത്തെ ഭൂരിഭാഗം സ്ഥാപനങ്ങളും
മലിനജലം ഓടയിലേക്ക് ഒഴുക്കുകയാണ്. ഇതിൽ കടകളും മീൻവിൽപ്പനകേന്ദ്രങ്ങളും ലോഡ്ജുകളും ഉൾപ്പെടും. ഓടവഴി മലിനജലം തോട്ടിലെത്തുന്നു. തോട്ടിൽ കെട്ടിക്കിടക്കുന്ന മലിനജലം വെള്ളമൊഴുക്കുണ്ടെങ്കിൽ മണിമലയാറ്റിലെത്തുന്നു.
നാട്ടുകാർ പറയുന്നു...
എരുമേലി നേരിടുന്ന മലിനീകരണം തടയാനോ, ഉത്തരവാദികൾക്കെതിരേ നടപടിയെടുക്കാനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. മലിനീകരണത്തിന്റെ തീവ്രത മൂടിവെയ്ക്കാൻ ശ്രമിക്കുന്നു. മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ചരോഗ ഭീഷണിയിലാണ് നാട്. ജില്ലാതലത്തിൽ ആരോഗ്യവകുപ്പിന്റെ കാര്യക്ഷമമായ ഇടപെടലുകളുണ്ടാവണം.
നടപടിയെടുക്കും...
ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കും. മാലിന്യങ്ങൾ തള്ളാൻ തോട്ടിലേക്ക് പൈപ്പുകൾ സ്ഥാപിച്ചത് കണ്ടെത്തി നശിപ്പിച്ചു. തോടിനരികിലുള്ള കടക്കാർക്കും താമസക്കാർക്കും ഹൈക്കോടതി നിർദേശ പ്രകാരം നോട്ടീസ് കൊടുത്തു. തീർഥാടനകാലത്ത് മാത്രമാണ് ശൗചാലയ നടത്തിപ്പുകാർ പലരും ലൈസൻസ് എടുക്കുന്നത്. ജലമലിനീകരണം തടയാൻ പരിശോധനകൾ തുടരും.
പി.എ.നൗഷാദ്, സെക്രട്ടറി, എരുമേലി ഗ്രാമപ്പഞ്ചായത്ത്