എരുമേലി: കെ.എസ്.ആർ.ടി.സി.യുടെ എരുമേലി ഓപ്പറേറ്റിങ് സെന്ററിൽ ബസുകൾ പാർക്ക് ചെയ്യാനിടം കുറവ്. മുൻകാലങ്ങളിൽ തീർഥാടനകാലത്തിന് മുമ്പുതന്നെ പാർക്കിങ്ങിന് അധികസ്ഥലം പഞ്ചായത്ത് വാടകയ്‌ക്കെടുത്ത് നല്കിയിരുന്നു. ഇത്തവണ സ്ഥലം കണ്ടെത്താനായിട്ടില്ല. വ്യാഴാഴ്ച ടെൻഡർ വിളിച്ചിരുന്നെങ്കിലും ആരും എത്തിയില്ല. സ്ഥലം വാടകയ്‌ക്കെടുക്കാൻ രണ്ടു ലക്ഷം രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.

മണ്ഡലകാലം തുടങ്ങാൻ ഇനി ഏഴ് ദിവസം മാത്രമേയുള്ളൂ. 32 ബസുകളാണ് സെന്ററിൽ നിന്ന്‌ സർവീസ് നടത്തുന്നത്.

പമ്പ സർവീസിന് അധികമായി പത്ത് ബസുകൾ കൂടിയെത്തും. ഇതിനുപുറമെ ശബരിമല തീർത്ഥാടനകാലത്ത് നിത്യവും അമ്പത്‌ ബസുകളെങ്കിലും ഇവിടെ അധികമായി വന്നുപോകും. അതോടെ ഇപ്പോഴുള്ള പാർക്കിങ്ങും മുടങ്ങും. നിലവിലുള്ള ബസുകളിൽ പകുതിയിലേറെയും വഴിയോരത്താണ് പാർക്ക് ചെയ്യുന്നത്. തീർഥാടനകാലത്ത് വഴിയോര പാർക്കിങ് അനുവദിക്കില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പാട്ടത്തിന് നല്കിയ അറുപത് സെന്റ് സ്ഥലത്താണ് സെന്ററിന്റെ പ്രവർത്തനം. ജനകീയാസൂത്രണ പദ്ധതിപ്രകാരമാണ് കെട്ടിടങ്ങൾ നിർമിച്ചത്. കാത്തിരിപ്പുകേന്ദ്രം, ഓഫീസ്, ശൗചാലയം, വർക്ക് ഷോപ്പ് എന്നിവയുണ്ട്. ശേഷിക്കുന്ന സ്ഥലത്ത് ഇരുപതിൽത്താഴെ ബസുകൾ പാർക്ക് ചെയ്യാനുള്ള ഇടമേയുള്ളൂ.

സ്‌പെഷ്യൽ ഡ്യൂട്ടിക്ക്‌ വരുന്ന ജീവനക്കാർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇല്ല. കൂടുതൽ സ്ഥലസൗകര്യങ്ങളൊരുക്കി സെന്ററിനെ ഡിപ്പോ ആയി ഉയർത്തണമെന്ന ആവശ്യത്തിലും നടപടിയില്ല.