എലിക്കുളം: റബ്ബറിന്റെ വിലയിടിവിൽ ആശങ്കപ്പെടുന്ന കർഷകരിലേക്ക് തേൻമധുരവുമായി കൃഷിവകുപ്പ്. പ്രതിസന്ധിയിലായ കർഷകർ സമ്മിശ്ര കൃഷിയിലേക്കും തേനീച്ച പരിപാലനത്തിലേക്കും തിരിഞ്ഞാൽ നേട്ടമുണ്ടാകുമെന്ന സന്ദേശവുമായി പരിശീലനമൊരുക്കുകയാണ്.

കൃഷിയിടത്തിൽ തേനീച്ചയെ വളർത്തിയാൽ ഭക്ഷ്യവിളകളുടെ പരാഗണം ത്വരിതപ്പെടുത്തി 30 ശതമാനത്തിലധികം അധികവരുമാനം കാർഷികവിളകളിൽ ഉറപ്പാക്കാമെന്ന് വിദഗ്ധർ ഉറപ്പുനൽകുന്നു. തേനിന് കിലോഗ്രാമിന് 300 രൂപ വിലയുമുണ്ട്. ആരോഗ്യമുള്ള ഒരുതേനീച്ചകോളനിയിൽനിന്ന് ഒരുസീസണിൽ 10 കിലോഗ്രാം തേൻ ലഭിക്കുമെന്നത് ഈ രംഗത്തെ കർഷകരെ അണിനിരത്തി സമർഥിക്കുന്നു. തേനീച്ചക്കോളനികളെ വിഭജിച്ച് പുതുകോളനികൾ ഉണ്ടാക്കുന്നതും മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണവും വരുമാനദായകമായതിനാൽ അതിനുള്ള പരിശീലനവും ലക്ഷ്യമിടുന്നുണ്ട്.

പ്രദേശത്തെ കർഷക കൂട്ടായ്മകളും കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, ആത്മ അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി, ഹോർട്ടികോർപ്പ് എന്നിവയുടെ സഹകരണത്തോടെ സമഗ്രപരിശീലന പരിപാടികൾക്കു തുടക്കമിട്ടു. സൗജന്യ നിരക്കിൽ തേനീച്ചക്കോളനികളും അനുബന്ധ ഉപകരണങ്ങളും ആദ്യഘട്ടത്തിൽ കുറേപ്പേർക്ക് നൽകി. മടുക്കക്കുന്നിലെ കർഷകസംരഭമായ പ്ലാൻകോസ് ആത്മ പാമ്പാടി ബ്ലോക്കുമായി സഹകരിച്ച് തേനീച്ചപ്പെട്ടികളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. ഹണിക്ലബ്ബ് രൂപവത്കരിച്ച് ഒരു തുടർസംവിധാനമായി നടത്താനൊരുങ്ങുകയാണ് കർഷകർ.