പാലാ: കെ.എസ്.ആർ.ടി.സി. നിരത്തിലിറക്കിയ ഇലക്‌ട്രിക് ബസിന്റെ ജില്ലയിലെ കന്നിയാത്രയ്ക്ക് നാട്ടുകാരുടെ ആഹ്ലാദഭരിതമായ വരവേല്പ്. ജില്ലയിലെ പരീക്ഷണഓട്ടം പാലായിൽനിന്ന് കോട്ടയത്തേക്കു നടത്തി. എറണാകുളത്തുനിന്ന്‌ രാവിലെ പാലായിലെത്തിയ ഇലക്‌ട്രിക് ബസിൽ യാത്ര ചെയ്യുവാനും ബസ് നേരിൽ കാണുന്നതിനുമായി നൂറുകണക്കിന് ആളുകൾ പാലാ ബസ്‌സ്റ്റാൻഡിലും പരിസരത്തും തടിച്ചുകൂടിയിരുന്നു.

കാത്തിരിപ്പിനു വിരാമമിട്ട് പതിനൊന്നരയോടെ ഇലക്‌ട്രിക് ബസ് എത്തിയപ്പോൾ നാട്ടുകാരും ഡിപ്പോ അധികൃതരും ആവേശത്തിലായി. ഹൃദ്യമായ വരവേൽപ്പാണ് ബസിന് ഡിപ്പോ അധികാരികളും നാട്ടുകാരും നൽകിയത്. ബസിനുൾവശം കയറി കാണുവാൻ കാത്തുനിന്നവർ തിരക്കുകൂട്ടി. തുടർന്ന് ബസ്‌സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ കെ.എം.മാണി എം.എൽ.എ. ബസ് ഫ്ളാഗ് ഓഫ് ചെയ്ത് കോട്ടയത്തേക്ക് അയച്ചു. ബസിൽ കൊട്ടാരമറ്റം വരെ ഇലക്‌ട്രിക്കൽ ബസിലെ മിനിമം ടിക്കറ്റായ 27 രൂപ മുടക്കി കെ.എം.മാണി യാത്രചെയ്തു. കോട്ടയത്തിന് നിശ്ചയിച്ച 67 രൂപ അല്പം കൂടുതലാണെന്നും മാണി പറഞ്ഞു. 37 സീറ്റുള്ള ബസിൽ നിറയെ യാത്രക്കാരുമായാണ് ബസ് കോട്ടയത്തേക്കു പുറപ്പെട്ടത്. പരീക്ഷണം വിജയമെന്ന് അധികൃതർ

എറണാകുളത്തുനിന്ന്‌ തൊടുപുഴ വഴിയാണ് നീലനിറമുള്ള വൈദ്യുതബസ് പാലായിലെത്തിയത്. തൊടുപുഴ-പാലാ സംസ്ഥാന പാതയിലെ നെല്ലാപ്പാറ കയറ്റം തടസ്സമില്ലാതെയാണ് ബസ് കയറിയത്. എഴുപതുകിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യുവാൻ സാധിച്ചതായി ജിവനക്കാർ പറഞ്ഞു. കോട്ടയത്തുനിന്ന് വൈക്കംവഴി എറണാകുളത്തേക്ക്‌ ബസ് തിരികെ പോയി. കെ.എസ്.ആർ.ടി.സിയുടെ ഡ്രൈവറാണ് ഓടിച്ചത്. ഗുജറാത്ത് രജിസ്‌ട്രേഷനിലുള്ള ജി.എ.03 എക്‌സ് 0569 നമ്പർ ബസാണ് പരീക്ഷണ സർവീസ് നടത്തിയത്.

വിദേശ നിർമിതം

പരിസ്ഥിതി സൗഹൃദമായ ബസ് വിദേശ നിർമിതമാണ്. മുംബൈയിലെ ഗോൾഡ് സ്റ്റോൺ കമ്പനിയിൽനിന്നാണ് കെ.എസ്.ആർ.ടി.സി. ബസ് വാടകയ്‌ക്കെടുത്തത്. കിലോമീറ്ററിന് നിശ്ചിത രൂപ നിരക്കിൽ കമ്പനിക്ക്‌ വാടക നൽകണം. ഡ്രൈവറെ കമ്പനി നിയോഗിക്കും. കണ്ടക്ടർ കെ.എസ്.ആർ.ടി.സിയുടേതായിരിക്കും. വൈദ്യുതി ചാർജ്ജു ചെയ്യുവാനുള്ള സൗകര്യം ഡിപ്പോകളിൽ ലഭ്യമാക്കും.

സർവീസ് പിന്നീട്

പരീക്ഷണം സംസ്ഥാനതലത്തിൽ വിജയമാണെങ്കിൽ മാത്രമേ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. എത്ര ബസുകൾ വാടകയ്ക്കെടുക്കണമെന്ന സർക്കാർ തീരുമാനത്തിനടിസ്ഥാനത്തിലായിരിക്കും സർവീസ് തുടങ്ങുന്നത്‌.