ഈരാറ്റുപേട്ട: വേനൽ കടുത്തതോടെ മീനച്ചിലാറ്റിലെ തടയണകളിൽ മാത്രമുള്ള വെള്ളം മലിനമാക്കുന്നതായി പരാതി. തടയണയിലിറക്കി കാലികളെ കുളിപ്പിക്കുന്നതുമൂലമാണ് നിരവധിയാളുകളുടെ ആശ്രമാകേണ്ട വെള്ളം മലിനമാകുന്നത്. മേലുകാവ് റോഡിൽ ഈലക്കയം തടയണയിലാണ് ജനങ്ങൾ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോൾ കാലികളുടെ നീരാട്ട് നടക്കുന്നത്.
ഈലക്കയം തടയണയിലെ ജലനിരപ്പ് താഴ്ന്നതോടെ ആറിന്റെ മണൽപ്പരപ്പിലാണ് കാലികളെ കെട്ടിയിരിക്കുന്നത്. ഇവയെ കുളിപ്പിക്കുവാനായി ഇടയ്ക്ക് ആറ്റിലെ വെള്ളക്കെട്ടിലിറക്കുന്നതുമൂലം വെള്ളം മലിനമാകുന്നതായി സമീപവാസികൾ പറയുന്നു. കാലികളുടെ മൂത്രവും ചാണകവും ആറ്റിലേക്കൊഴുകിയെത്തിയും വെള്ളം മലിനമാകുന്നുണ്ട്. കുളിക്കുവാനോ വസ്ത്രങ്ങൾ കഴുകുവാനോപോലും ഇപ്പോൾ വെള്ളം കൊള്ളില്ലെന്നും നാട്ടുകാർ പറയുന്നു.
മേഖലയിലെ നൂറുകണക്കിനാളുകളുടെ ആശ്രയമാണ് മീനച്ചിലാറ്റിലെ അവശേഷിക്കുന്ന വെള്ളം. ഒപ്പം കുടിവെള്ള പദ്ധതികളുടെ കിണറും ഇവിടെയുണ്ട്. നിരവധി കുടുംബങ്ങൾ വീട്ടാവശ്യത്തിന് വെള്ളം ശേഖരിക്കുന്നതും ഇവിടെ നിന്നാണ്. ഈ സാഹചര്യത്തിൽ നദീജലം മലിനപ്പെടുന്നത് തടയാൻ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Content Highlights: Meenachil River, drinking water