ഈരാറ്റുപേട്ട: കാലിൽ അർബുദത്തിന്റെ വേദന തിങ്ങുമ്പോഴും ഷാഫിയുടെ മുഖത്തൊരു തെളിച്ചമുണ്ട്. കാരണം, പാറക്കെട്ടിന് മുകളിലേക്ക്‌ സുഹൃത്തുക്കളും സമീപവാസികളും ചുമന്നുകൊണ്ടുപോയിരുന്ന കാലം ഇനിയില്ല. സുഹൃത്തുക്കളും എസ്.ഡി.പി.ഐ. പ്രവർത്തകരും ചേർന്ന് സമ്മാനിച്ചത് വാഹനമെത്തുന്ന വഴിയെന്ന സ്വപ്നമെന്നത് തന്നെ കാരണം.

മൈലാടുംപാറ സ്വദേശിയായ ഷാഫി പുല്ലേടന് കാലിൽ കാൻസർരോഗം ബാധിച്ചിട്ട് നാളുകളേറെയായി. ഏഴോളം ഓപ്പറേഷനുകളാണ് നടത്തിയത്. പാറക്കെട്ടും കല്ലുകളും നിറഞ്ഞ മലമുകളിലാണ് ഷാഫിയുടെ വീട്. ഓരോ തവണ ആശുപത്രിയിൽ പോകുമ്പോഴും വേദന നിറഞ്ഞ കാലുമായി നടന്നിറങ്ങാനാവില്ല ഷാഫിക്ക്‌. സുഹൃത്തുക്കളും സമീപവാസികളും ചേർന്ന് വാഹനമെത്തുന്നിടം വരെ ഷാഫിയെ ചുമന്നെത്തിക്കുകയാണ് പതിവ്.

വാഹനമെത്തുന്ന വഴിയെന്ന സ്വപ്നം ഷാഫിക്കും സമീപവാസികൾക്കും ഏറെക്കാലമായുണ്ട്. നഗരസഭയിലും അധികൃതരോടും ഇതേക്കുറിച്ച് സംസാരിച്ചെങ്കിലും നടപടികളൊന്നുമായില്ല. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് സുഹൃത്തുക്കളോട് ഷാഫി പങ്കുവെച്ചത്. ഒത്തുചേർന്നാലോചിച്ച സുഹൃത്തുക്കൾ ആരെയും കാക്കാതെ റോഡ് നിർമിക്കാൻ മുന്നിട്ടിറങ്ങി.

120 മീറ്റർ ദൂരമാണ് കോൺക്രീറ്റ് നടത്തിയത്. ഇതിനാവശ്യമായ മെറ്റലും സിമന്റുമെല്ലാം സുഹൃത്തുക്കൾ നൽകി. വീടിന് സമീപംവരെ ഇപ്പോൾ വാഹനം എത്തും.

ഷാഫിക്ക്‌ എട്ടാമത്തെ ഓപ്പറേഷനും ഉടൻ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കൽ കോളേജിലാണ് ചികിത്സ. രോഗാവസ്ഥയിൽ കഴിയുന്ന ഷാഫിക്ക്‌ എഴുന്നേറ്റ് നടക്കുന്നത് വേദനാജനകമാണ്. ഒരു മുച്ചക്രവാഹനം ലഭിച്ചാൽ വീടിനുള്ളിലെ ഏകാന്തതയിൽനിന്നു പുറത്തിറങ്ങാനാകുമെന്ന ആഗ്രഹവും ഷാഫിക്കുണ്ട്. അതിനുള്ള സഹായവും ആരെങ്കിലും ലഭ്യമാക്കുമെന്ന പ്രതീക്ഷയാണ് ഷാഫിയുടെ കണ്ണുകളിൽ തെളിയുന്നത്.