കടുത്തുരുത്തി: റോഡുവശങ്ങൾ പുല്ലും പച്ചയും മൂടിക്കിടക്കുന്നത് അപകടക്കെണിയാകുന്നു. വാഹനത്തിരക്കേറിയ ഏറ്റുമാനൂർ-വൈക്കം റോഡ്, കടുത്തുരുത്തി-തോട്ടുവാ റോഡ് എന്നീറോഡുകളുടെ വശങ്ങളിലെ ഓടകൾ പുല്ല് വളർന്ന് മൂടിയതിനാൽ റോഡരികും ഓടയും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ്.
മഴക്കാലമായതോടെ വലിയ തോതിൽ പുല്ലും പച്ചയും പടർന്ന് റോഡരികുകൾ കാടുകയറിയനിലയിലാണ്. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനും മറ്റുമായി വാഹനങ്ങൾ റോഡരികിലേക്ക് ചേർത്തുനിർത്തേണ്ടിവരുമ്പോൾ ഓടയിലേക്ക് വാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുന്നു. കഴിഞ്ഞദിവസം രാവിലെ പാലകര സെന്റ് ജോസഫ് കുരിശുപള്ളിക്കുസമീപം റോഡരികിൽ ഒതുക്കുന്നതിനിടെ കാർ ഓടയിലേക്കുവീണു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നത് പതിവാണ്.
ഓടകളിൽ സാമൂഹികവിരുദ്ധർ മാലിന്യം തള്ളുന്നത് സമീപവാസികൾക്ക് ദുരിതമാകുന്നു. റോഡരികിലെ പുല്ലും കാടും വെട്ടി നീക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Content Highlights: eatumanoor vaikom road in crisis