കറുകച്ചാൽ: പഞ്ചായത്തിലെ ജലക്ഷാമം ഏറെയുള്ള പ്രദേശമാണ് അഞ്ചാം വാർഡ് ബംഗ്ലാംകുന്ന് ഭാഗം. ഉയർന്ന പ്രദേശമായതിനാൽ ഡിസംബർ കഴിയുന്നതോടെ ഭൂരിഭാഗം കിണറുകളും വറ്റിവരളും. ഇതോടെ കുടിവെള്ളം വിലകൊടുത്ത് വാങ്ങേണ്ട സ്ഥിതിയാണ് ഉള്ളത്. 35 വർഷം മുൻപ് ബംഗ്ലാംകുന്ന് കോളനിയിലെയും പ്രദേശത്തെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ആരംഭിച്ച പദ്ധതി 15 വർഷത്തോളമായി നിലച്ചിട്ട്.
കാലപ്പഴക്കത്താൽ പൈപ്പുകളും, ടാങ്കും തകർന്നിട്ടും പുനർനിർമിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല. കോളനിയിലെ മുപ്പതോളം കുടുംബങ്ങൾക്ക് വേണ്ടിയാണ് അന്ന് പദ്ധതി ആരംഭിച്ചത്. നെത്തല്ലൂരിലെ കിണറ്റിൽനിന്ന് വെള്ളം പമ്പുചെയ്തായിരുന്നു ബംഗ്ലാംകുന്നിലെ ടാങ്കിൽ എത്തിച്ചിരുന്നത്.
ഇവിടത്തെ ടാങ്കിന് ചുറ്റും ടാപ്പുകൾ ഘടിപ്പിച്ചായിരുന്നു വിതരണം. 20 വർഷത്തോളം ജലവിതരണം കാര്യക്ഷമമായിരുന്നു. പിന്നീട് പൈപ്പുകൾ തകരാർ ഉണ്ടാകുകയും, പമ്പിങ് അടക്കമുള്ള പ്രവർത്തനങ്ങൾ നിലച്ചുപോകുകയുമായിരുന്നു. പിന്നീട് പ്രശ്നം പരിഹരിക്കുവാനോ, അറ്റകുറ്റപ്പണി നടത്തുവാനോ അധികൃതർ തയ്യാറായില്ല. കാലപ്പഴക്കത്താൽ പൈപ്പുകളും മറ്റ് ഉപകരണങ്ങളും നശിച്ചു. കോളനിയിലെ ഏതാനും വീടുകളിൽ മാത്രമാണ് കിണർ ഉള്ളത്.
ഇത് വേനൽ കനക്കുന്നതോടെ പൂർണമായി വറ്റും. പിന്നീട് ഓട്ടോറിക്ഷകളിലും, തലച്ചുമടായും വെള്ളം കൊണ്ടുവരേണ്ട സ്ഥിതിയാണ് ഉള്ളത്. ഏതാനും വർഷം മുൻപ് ഇവിടെ ഒരു കുഴൽക്കിണർ നിർമിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നവരാണ് ഇവിടെയുള്ളത്.
ഓരോ വർഷവും നാലുമാസത്തോളം വിലകൊടുത്ത് വെള്ളം വാങ്ങി ഉപയോഗിക്കേണ്ട സ്ഥിതിയാണ് ഇവർക്ക്. പദ്ധതിയുടെ ഭാഗമായി നിർമിച്ച മുപ്പതിനായിരം ലിറ്റർ ശേഷിയുള്ള ടാങ്ക് ഇന്നും ഇവിടെയുണ്ട്. നിലച്ചുപോയ പദ്ധതി പുനരാരംഭിക്കുവാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.