കടുത്തുരുത്തി: കോവിഡ് ജീവിതം പൂട്ടിയിട്ട നാളുകളിൽ കായിക പരിശീലകനെന്ന വേഷം കുടുംബത്തിലെ പ്രാരാബ്ധങ്ങൾക്ക് പരിഹാരമാകില്ലെന്ന് കണ്ടതോടെ ആ കുപ്പായം അഴിച്ചുവെച്ച് കൃഷ്ണൻകുട്ടി ഓട്ടോ ഡ്രൈവറായി. ആപ്പാഞ്ചിറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ 53-കാരനായ കീഴൂർ ചമ്പന്നിയിൽ കൃഷ്ണൻകുട്ടി മൂന്ന് പതിറ്റാണ്ടായി കായിക പരിശീലനരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.

സ്വകാര്യ സ്‌കൂളുകളിൽ കായിക പരിശീലകനായി കിട്ടുന്ന തുച്ഛവരുമാനംകൊണ്ടാണ് ഇദ്ദേഹം കുടുംബം പുലർത്തിയിരുന്നത്. കോവിഡ് വ്യാപനംമൂലം സ്‌കൂളുകൾ അടച്ചുപൂട്ടിയതോടെ തൊഴിൽ ഇല്ലാത്ത അവസ്ഥ വന്നതോടെയാണ് പുതിയ തൊഴിൽമേഖലയിലേക്ക് ഇറങ്ങാൻ ഇദ്ദേഹം നിർബന്ധിതനായത്.

ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള നിരവധി വിദ്യാർഥികൾ ഇദ്ദേഹത്തിന്റെ ശിക്ഷണത്തിൽ മെഡൽ ജേതാക്കളായിട്ടുണ്ട്.

18 വിദ്യാർഥികൾ സ്‌പെഷ്യൽ ഒളിമ്പിക്‌സ്, ഏഷ്യ, പസഫിക് മീറ്റ് തുടങ്ങിയ രാജ്യാന്തര മത്സരങ്ങളിൽ തിളങ്ങി. കോട്ടയം വില്ലൂന്നി സതീർഥ്യ സ്‌പെഷ്യൽ സ്‌കൂളിലെ ആഷ്‌ലി ജയൻ എന്ന വിദ്യാർഥിനിയെ കേരളത്തിൽനിന്നുള്ള ആദ്യ സ്‌പെഷ്യൽ ഒളിമ്പിക്‌സ് സ്വർണ മെഡൽ ജേതാവാക്കാൻ കഴിഞ്ഞതാണ് കൃഷ്ണൻകുട്ടിയുടെ ഏറ്റവും അഭിമാനകരമായ നേട്ടം.

2012-ൽ ഗോവയിൽ നടന്ന ഓൾ ഇന്ത്യാ കോച്ചിങ് ക്യാമ്പിൽ ബെസ്റ്റ് കോച്ചായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹത്തെ ദ്രോണാചാര്യ പുരസ്‌കാരജേതാവ് തോമസ് മാഷിന്റെ നേതൃത്വത്തിൽ ആദരിച്ചിട്ടുമുണ്ട്.