ചങ്ങനാശ്ശേരി : സൗഹൃദദിനത്തിൽ സ്നേഹസമ്മാനവുമായി ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെന്റർ. സുമനസ്സുകളുടെ കാരുണ്യത്താൽ സൗഹൃദ വേദിയുടെ നേതൃത്വത്തിൽ തിരുവല്ല കറ്റോട് തലപ്പാലയിൽ ജോസിന് ഒരുക്കുന്ന സ്വപ്നഭവനത്തിലേക്കാണ് സൗഹൃദദിനത്തിൽ അപ്രതീക്ഷിത സ്നേഹസമ്മാനം എത്തിയത്.
നടുറോഡിൽ വഴിയറിയാതെനിന്ന അന്ധനായ ജോസിനെ തിരുവല്ലയിലെ വസ്ത്രവ്യാപാരസ്ഥാപനത്തിലെ ജീവനക്കാരി സുപ്രിയ ബസിൽ കയറ്റി വിട്ടത് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതേത്തുടർന്ന് സുപ്രിയയ്ക്കും പാരിതോഷികങ്ങൾ ലഭിച്ചിരുന്നു.
ജീവകാരുണ്യ പ്രവർത്തകൻ ഡോ. ജോൺസൺ വി.ഇടിക്കുള, സൗഹൃദ വേദി സ്റ്റേറ്റ് കോ-ഒാർഡിനേറ്റർ സിബി സാം തോട്ടത്തിൽ, പി.ഡി.സുരേഷ്, വിൻസൻ പൊയ്യാലുമാലിൽ, സുരേഷ് വാസവൻ, പോൾ സി.വർഗ്ഗീസ്, സിയാദ് മജീദ് എന്നിവരാണ് ജോസിന്റെ വീട്ടിലെത്തിയത്.
വാർത്ത വായിച്ചറിഞ്ഞ, ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻറർ ചെയർമാൻ ഡോ.ജോർജ് പീടിയേക്കൽ, ഡയറക്ടർ ഡോ.ലീലാമ്മ ജോർജ് എന്നിവരാണ് ഫ്രിഡ്ജും മറ്റും ഉൾപ്പെടുന്ന സമ്മാനം ജോസിന്റെ വീട്ടിലേക്ക് കൊടുത്തയച്ചത്.