ചങ്ങനാശ്ശേരി : കോവിഡ് രോഗികളുടെ സമ്പർക്കവ്യാപനം കൂടുന്നു. ബുധനാഴ്ച നഗരസഭയിലും പഞ്ചായത്തുകളിലുമായി 10 കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. പത്ത് ദിവസങ്ങളിലായി 150 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. വാഴപ്പള്ളി പഞ്ചായത്തിൽ ആറ് പോസിറ്റീവ് കേസും മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി, ചങ്ങനാശ്ശേരി നഗരസഭ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.
വാഴപ്പള്ളി പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും വർധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.
തൃക്കൊടിത്താനത്ത് സമ്പർക്ക വ്യാപനം ഇനിയും ഉയരാൻ സാധ്യതയുള്ളതായി പഞ്ചായത്ത് അധികൃതർ പറയുന്നു.
പായിപ്പാട് സമ്പർക്കവ്യാപനം ഉയരാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് കരുതുന്നു. തിരുവല്ല മത്സ്യമാർക്കറ്റിലും സമ്പർക്കവ്യാപനം കൂടിയിരുന്നു. ഇതാണ് സമീപ മത്സ്യമാർക്കറ്റായ പായിപ്പാടും വ്യാപനംകൂടാൻ കാരണമായിരിക്കുന്നത്. പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ തുടരും.
ചങ്ങനാശ്ശേരി ജനറൽ ആശുപത്രിയിൽ ആന്റിജൻ പരിശോധനയും ആർ.ടി.പി.സി.ആർ. പരിശോധയും തുടരും. ചങ്ങനാശ്ശേരി നഗരസഭയിലെ 24,31, 33 എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തുടരും. 34-ാംവാർഡ് കണ്ടെയ്ൻമെന്റ് സോണിൽനിന്ന് ഒഴിവാക്കി.