ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരസഭയിൽ ലൈഫ് പി.എം.എ.വൈ. പദ്ധതി മുഖേന വീട് നിർമിച്ച 100 കുടുംബങ്ങൾക്ക് ഗുണഭോക്താക്കളുടെ കുടുംബസംഗമത്തിൽ താക്കോൽ കൈമാറി. വാഴപ്പള്ളി സ്വദേശിനി ഉഷ നടരാജന് ആദ്യ താക്കോൽ കൈമാറി സംഗമം നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
നഗരസഭയിൽ ലൈഫ് പദ്ധതി പ്രകാരം 211 വീടുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. ലൈഫ് ഭവനസമുച്ചയത്തിനായി ചങ്ങനാശ്ശേരി വില്ലേജിലെ പോത്തോട് ഒന്നരേക്കർ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ 311 കുടുംബങ്ങൾക്ക് വീട് നൽകുകയാണ് ലക്ഷ്യം.
ഹെൽത്ത് സെൻറർ, അങ്കണവാടി തുടങ്ങിയ സൗകര്യങ്ങളുള്ള ടൗൺഷിപ്പാണ് പോത്തോട് വിഭാവനം ചെയ്തിരിക്കുന്നതെന്ന് നഗരസഭ ചെയർമാൻ പറഞ്ഞു. വൈസ് ചെയർപേഴ്‌സൺ അംബിക വിജയൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കൃഷ്ണകുമാരി രാജശേഖരൻ, ടി.പി.അജികുമാർ, കുഞ്ഞുമോൾ സാബു, ലതാ രാേേജന്ദ്രപ്രസാദ്, നസീമ മജീദ്, ടി.പി.അനിൽകുമാർ, എൻ.പി.കൃഷ്ണകുമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയോടനുബന്ധിച്ച് നടന്ന അദാലത്തിൽ ലഭിച്ച 28 പരാതികൾ പരിഹരിച്ചു.