ചങ്ങനാശ്ശേരി: സാമ്പത്തിക പ്രതിസന്ധിയിലായിട്ടും നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനം നഷ്ടപ്പെടുത്തുന്നതായി കൗൺസിൽ യോഗത്തിൽ പരാതി. നഗരസഭയുടെ ഗസ്റ്റ് ഹൗസ് ഒരുവർഷത്തിലേറെയായി കരാറുകാരൻ അനധികൃതമായി കൈവശം വെച്ചിരിക്കുന്നതായാണ് ആക്ഷേപമുയർന്നത്.
കരാർ കാലാവധി അവസാനിച്ചശേഷം അറ്റക്കുറ്റപ്പണി നടത്തി വാടക നൽകിയാൽ മതിയെന്ന കരാറാണുള്ളത്. ഇതുമൂലം നഗരസഭയ്ക്ക് ഒരുവർഷമായി വാടകയിനത്തിൽ ലഭിക്കേണ്ട തുക നഷ്ടമായി. ഇതിൽ കള്ളക്കളിയുള്ളതായാണ് ആക്ഷേപം. ഭരണസമിതി ഇതിന് കൂട്ടുനിൽക്കുന്നതായും ആക്ഷേപം വ്യാപകമാണ്.
നഗരസഭ പദ്ധതിയിൽ വാങ്ങിയ കട്ടിലുകൾ ഗുണനിലവാരമില്ലാത്തതും വേഗം ഉപയോഗശൂന്യമാകുന്നതാണെന്നും ഇതിൽ അന്വേഷണം വേണമെന്നും ആവശ്യമുയർന്നു. കടമുറിക്ക് അനധികൃതമായി ലക്ഷങ്ങൾ ഡിപ്പോസിറ്റ് വാങ്ങി മറിച്ചുകൊടുക്കുന്നു. യഥാർഥ ലൈസൻസികൾ അല്ലാത്തതിനാൽ കട നടത്തുന്നവർക്ക് ബാങ്ക് വായ്പയെടുക്കുവാൻ കഴിയാത്ത സ്ഥിതിയാണ്. ഇക്കാര്യത്തിൽ നടപടി വേണമെന്നും ആവശ്യമുയർന്നു.
പാർക്ക് ആദ്യം ഏഴുലക്ഷം രൂപ ഡിപ്പോസിറ്റും 55,000 രൂപ മാസവാടകയുമായി വ്യവസ്ഥവെച്ചിരുന്ന കരാറുകാരൻ പാർക്ക് ഏറ്റെടുക്കാൻ തയ്യാറായില്ല. രണ്ടാം സ്ഥാനക്കാരൻ നൽകിയ പറഞ്ഞ തുക വളരെ കുറഞ്ഞതാണെന്നും ഇയാളുമായി ചെയർമാൻ ചർച്ച നടത്തി ധാരണയിലെത്തിയ തുക കുറവായതിനാൽ നഗരസഭയ്ക്ക് നഷ്ടമുണ്ടാകാത്ത തുകയ്ക്ക് മറ്റുള്ളവരെക്കൂടി വിളിച്ച് കരാർ െവയ്ക്കണമെന്നും കൗൺസിലിൽ ആവശ്യമുയർന്നു.
ളായിക്കാട് ബൈപ്പാസിൽ കോഴിവേസ്റ്റ് കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്ന വിഷയത്തിൽ കൗൺസിൽ യോഗത്തിൽ ശക്തമായ പ്രതിഷേധമുയർന്നു. കൗൺസിൽ യോഗത്തിൽ എടുക്കുന്ന തീരുമാനങ്ങളൊന്നും നടപ്പാക്കുന്നില്ലായെന്നും നഗരസഭാ കൗൺസിലിനെ കബളിപ്പിക്കുന്ന സമീപനമാണെന്ന് പരാതി ഉയർന്നു.