ചങ്ങനാശ്ശേരി: മനക്കച്ചിറ പുത്തനാറിൽ പോളയും പുല്ലും വീണ്ടും നിറഞ്ഞ് ഉപയോഗശൂന്യമായി. അടിസ്ഥാനാവശ്യങ്ങൾക്കുപോലും ആറിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി. കറുത്തനിറമാണ് വെള്ളത്തിനിപ്പോൾ.
ആറ് വൃത്തിയാക്കിയിട്ട് വർഷങ്ങളായി. പ്രദേശവാസികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നപ്പോഴാണ് ഗത്യന്തരമില്ലാതെ നഗരസഭാ ഭരണസമിതി വെള്ളത്തിനുമുകളിലെ പോള നീക്കിയത്. ഇവയുടെ അവശിഷ്ടങ്ങളിൽനിന്ന് മാസങ്ങൾക്കുശേഷം വീണ്ടും പോള തഴച്ചുവളർന്നു.
കുളിക്കാനും തുണികഴുകാനും മറ്റ് ആവശ്യങ്ങൾക്കായും നൂറുകണക്കിന് കുടുംബങ്ങൾ പുത്തനാറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. നഗരസഭയുടെ പൈപ്പ് കണക്ഷൻ ഉണ്ടെങ്കിലും വെള്ളം ഇല്ല. ശുദ്ധജലം വിലയ്ക്കുവാങ്ങണം.
ഇറിഗേഷൻ വകുപ്പിന് കത്ത് നൽകും
മനയ്ക്കച്ചിറ പുത്തനാറ്റിലെ പോള നീക്കേണ്ട ജോലി ചെയ്യേണ്ടത് ഇറിഗേഷൻ വകുപ്പാണ്. അടിയന്തിരമായി പോളനീക്കണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് മേധാവികൾക്ക് കത്ത് നൽകും. -ലാലിച്ചൻ കുന്നിപ്പറമ്പിൽ (നഗരസഭാ ചെയർമാൻ ചങ്ങനാശ്ശേരി).
Content Highlights: drinking water