ചങ്ങനാശ്ശേരി: പെരുന്നയിലെ മന്നം സമാധിയിലേക്ക് ചൊവ്വാഴ്ച രാവിലെ മുതൽ, വടക്ക് ഹൊസങ്കടി മുതൽ തെക്ക് കളിയിക്കവിള വരെയുള്ള സമുദായാംഗങ്ങൾ ഒഴുകിയെത്തി. സമുദായ നേതൃത്വത്തിന്റെ മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളുടെ വിജയമായിരുന്നു നായർ പ്രതിനിധിസമ്മേളനം.
ഒരുപിടി പൂക്കൾ മന്നം സമാധിയിൽ അർപ്പിച്ച് കൂപ്പുകൈയോടെ സമുദായാംഗങ്ങൾ ധ്യാനനിരതരായി. തുടർന്ന് അവർ സമ്മേളനവേദിയിലേക്ക് നീങ്ങി. മന്നം നഗറിൽ തയ്യാറാക്കിയ വലിയ പന്തൽ നിറഞ്ഞ ജനക്കൂട്ടം സമീപത്തെ വിദ്യാലയങ്ങളുടെ വരാന്തകളും ഇരിപ്പിടമാക്കി. സമ്മേളനം തുടങ്ങിയിട്ടും മന്നം സമാധിയിൽ പുഷ്പാർച്ചനയ്ക്കെത്തിയവരുടെ നിര കാണാമായിരുന്നു.
എൻ.എസ്.എസ്. കോളേജ് മൈതാനത്ത് സമ്മേളനത്തെത്തിയവർക്കെല്ലാം വിഭവസമൃദ്ധമായ സദ്യ നൽകി. എൻ.എസ്.എസ്. വൊളന്റിയർമാരുടെയും പോലീസിന്റെയും നേതൃത്വത്തിൽ സമ്മേളനത്തിന് സുരക്ഷയൊരുക്കിയിരുന്നു. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തിലാണ് സമ്മേളനത്തിന് ക്രമീകരണങ്ങൾ നടത്തിയത്. എല്ലാപ്രവർത്തനങ്ങൾക്കും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻനായരുടെയും നായകസഭാംഗങ്ങളുടെയും മേൽനോട്ടമുണ്ടായിരുന്നു.
എം.പി.മാരായ എം.കെ. രാഘവൻ, ആന്റോ ആന്റണി, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, മുൻ എം.എൽ.എ. മാരായ ഷിബു ബേബിജോൺ, മാലേത്ത് സരളാദേവി, ബി.ജെ.പി. ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ജി. രാമൻനായർ, ബി.രാധാകൃഷ്ണമേനോൻ എന്നിവരും വിവിധ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും പങ്കെടുത്തു.