വാഴൂർ : പിറന്നാൾ ആഘോഷത്തിന്റെ സന്തോഷത്തിൽ മടങ്ങവെയാണ് മണിമലയിൽ കാർ ടിപ്പർലോറിയിലിടിച്ച് ബന്ധുക്കളായ ഷാരോണും രേഷ്മയും മരിച്ചത്. ആഗ്രഹിച്ച കോഴ്‌സിന് ചേർന്നെങ്കിലും പഠനം പൂർത്തിയാക്കാതെയാണ് ഷാരോൺ മടങ്ങുന്നത്. ഉറപ്പിച്ച വിവാഹം നടക്കും മുമ്പേയാണ് രേഷ്മയുടെ മരണം.ഇരുവരുടെയും മരണം ഉറ്റവർക്കും ബന്ധുക്കൾക്കും നാടിനും തീരാവേദനയായി.

ഞായറാഴ്ച വൈകീട്ട് ഒൻപതരയോടെയാണ് ഷാരോണിന്റെ 18-ാം പിറന്നാൾ ആഘോഷിക്കാൻ ഇവർ കറിക്കാട്ടൂരിലെ ബന്ധുവീട്ടിലെത്തിയത്. ബന്ധുക്കളായ അമലയും മെൽബിനും ജോബിനും ഒപ്പമുണ്ടായിരുന്നു. തിങ്കളാഴ്ച അമലയുടെ 25-ാം പിറന്നാളായിരുന്നു. ഷാരോണിന്റെ പിറന്നാൾ ആഘോഷം കറിക്കാട്ടൂരിലെ വീട്ടിൽ പൂർത്തിയാക്കിയശേഷം തിങ്കളാഴ്ച രാവിലെ തന്നെ വാഴൂരിലെ അമലയുടെ വീട്ടിലെത്താനായിരുന്നു ഇവരുടെ തീരുമാനം.

രാത്രി ആഘോഷങ്ങൾ പൂർത്തിയാക്കിയ ഇവർ പുലർച്ചെ തന്നെ യാത്രതിരിച്ചു. അവധി ദിവസമായതിനാൽ എല്ലാവരും ചേർന്ന് അമലയുടെ പിറന്നാൾ ആഘോഷിക്കാനായിരുന്നു തീരുമാനം. ഏറെ പ്രതീക്ഷയോടെ യാത്ര തിരിച്ചെങ്കിലും പാതിവഴിയിൽ ആ യാത്ര മുടങ്ങി. ഒപ്പം ഷാരോണും രേഷ്മയും എന്നത്തേക്കുമായി യാത്രയായി.

വാഹനമോടിച്ചിരുന്ന ജോബിന് ഇപ്പോഴും എന്താണ് സംഭവിച്ചതെന്ന് ഓർത്തെടുക്കാൻപോലും കഴിയുന്നില്ല. പിറന്നാൾ ദിവസം ഗുരുതരാവസ്ഥയിൽ അമല കോട്ടയത്തെ സ്വകാര്യാശുപത്രിയിലാണ്. സഹോദരങ്ങളുടെ മക്കളായ ഷാരോണും രേഷ്മയും എന്നും ഉറ്റ സുഹൃത്തുക്കളെപ്പോലെയാണ് കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ് നിരവധി പേരാണ് ഇവരുടെ വാഴൂരിലെ വീട്ടിലേക്ക് എത്തുന്നത്.

രേഷ്മയും കുടുംബവും വർഷങ്ങളായി പുണെയിലാണ് താമസം. പഠനത്തിന് ശേഷം രേഷ്മ പുണെയിൽ തന്നെ ജോലിചെയ്യുകയായിരുന്നു. എല്ലാ വർഷവും ഇവർ വാഴൂരിലെ വീട്ടിലേക്ക് കുടുംബസമേതം എത്തുന്നത് പതിവായിരുന്നു. നാട്ടിലെത്തുമ്പോൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം രേഷ്മ യാത്ര പോകുമായിരുന്നു. രണ്ടുമാസം മുൻപാണ് രേഷ്മയും കുടുംബവും വാഴൂരിലെത്തിയത്. വിവാഹനിശ്ചയം കഴിഞ്ഞ രേഷ്മ രണ്ടുമാസത്തിന് ശേഷം വിവാഹിതയാകാനിരിക്കുകയായിരുന്നു.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഷാരോൺ പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയിരുന്നു. സ്വന്തം ആഗ്രഹപ്രകാരം കഴിഞ്ഞ മാസമാണ് കോട്ടയത്ത് സി.എ. പഠനത്തിന് ചേർന്നത്.

Content Highlights: car accident in vazhoor