ഏറ്റുമാനൂർ: മദ്യലഹരിയിൽ കാറുമായി അമിതവേഗത്തിൽ പായുന്നതിനിടയിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ നാലുവാഹനങ്ങളിലായി ഇടിച്ചു. ഏറ്റുമാനൂരിൽ ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. സംഭവത്തിൽ കടപ്പൂർ സ്വദേശി അനൂപി (31)നെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അനൂപാണ് കാർ ഓടിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല തിങ്കളാഴ്ച രാത്രി ഒമ്പതുമണിയോടെ എം.സി.റോഡിൽ ഏറ്റുമാനൂരിലാണ് സംഭവം. അപകടത്തെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

അമിതവേഗത്തിലെത്തിയ കാർ ആദ്യം പാറോലിക്കൽ ഭാഗത്തുെവച്ച് ഒരു ബൈക്കിന് പിന്നിലിടിച്ചു. ഇവിടെനിന്നും അമിതവേഗത്തിൽ പാഞ്ഞ കാർ ഏറ്റുമാനൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിൽ വഴിയരികിൽ പാർക്ക് ചെയ്തിരുന്ന ഓണംതുരുത്ത് മറൂർ തെക്കേതിൽ ബാബുവിൻറെ കാറിൽ ഇടിച്ചു. ഈ കാറിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഏഴുപേർ യാത്രികരായുണ്ടായിരുന്നു.

ഇവിടെെവച്ച് അമിതവേഗത്തിൽ കാർ പിന്നോട്ട് ഏടുത്ത് വെട്ടിച്ച് കാർവീണ്ടും തവളക്കുഴി ഭാഗത്തേക്ക് പോയി. തവളക്കുഴി ജങ്‌ഷനിൽ ഇൗ കാർ അങ്കമാലിയിൽ നിന്നും കുമാരനല്ലൂരിലേക്ക് വരികയായിരുന്ന കാറുമായി ഇടിച്ചു. മാധ്യമപ്രവർത്തകനായ എ.പി.ജോയിയും കുടുംബവുമായിരുന്നു ഈ കാറിലുണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ അനൂപ് ഒാടിച്ചിരുന്ന കാറിന്റെ ടയർ ഊരി തെറിച്ച് റോഡിലൂടെ നിരങ്ങി. ഇൗ വണ്ടി എതിരേവന്ന ലോറിയുമായി കുട്ടിയിടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. അവിടെവെച്ച് കാറിലുണ്ടായിരുന്ന മറ്റുള്ളവർ ഇറങ്ങി ഓടി. എന്നാൽ, അപ്പോഴെക്കും ഓടിക്കൂടിയ നാട്ടുകാർ ആണ് അവിടെനിന്നും രക്ഷപെടാൻ ശ്രമിച്ച അനൂപിനെ പിടിച്ച് െവച്ചത്.

ഏറ്റുമാനൂർ പോലീസ് സ്ഥലത്ത് എത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ രൂപപെട്ടങ്കിലും പോലീസ് എത്തി രംഗം ശാന്തമാക്കി. പിടിയിലായ അനൂപ് സ്വകാര്യ ബസ് ഡ്രൈവറാണ്. അപകടത്തിൽ തകർന്നകാർ സ്ഥലത്തുനിന്ന് ക്രയിൻ ഉപയോഗിച്ച് നീക്കിയശേഷമാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്.