ഏറ്റുമാനൂർ: എം.സി. റോഡിൽ തവളക്കുഴിയിൽ കാറിന്റെ പിന്നിൽ ടിപ്പർ ലോറിയിടിച്ച് കാറിലെ യാത്രക്കാരിക്ക് പരിക്ക്‌. നിസ്സാര പരിക്കുകളോടെ ഉഴവൂർ സ്വദേശി അറുപത്തിയാറുകാരിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തവളക്കുഴിയിൽ വാഹനാപകടം നിത്യസംഭവമായി. ജങ്ഷനിലാണ് കൂടുതൽ അപകടം. തവളക്കുളിയിൽ ജങ്ഷൻ സൂചിപ്പിക്കുന്ന ബോർഡുകൾ ഒന്നുമില്ല. നേരത്തെ ബസുകൾ നിർത്തിയിരുന്നത് റോഡരികിലെ ഒരു മരച്ചുവട്ടിലായിരുന്നു.

മരം വെട്ടിമാറ്റിയതോടെ തോന്നുംപടിയാണ് ബസുകൾ നിർത്തുന്നത്. ഏറ്റുമാനൂരപ്പൻ കോളേജിലെ വിദ്യാർഥികളടക്കം നൂറുണക്കിന് യാത്രക്കാർ ആശ്രയിക്കുന്നതാണ് ഈ ബസ്‌സ്റ്റോപ്പ്. വള്ളിക്കാട്‌ റോഡിലേക്ക് വാഹനങ്ങൾ തിരിയുന്നത് എം.സി. റോഡിന്റ നടുവിലൂടെയാണ്. പട്ടിത്താനം ഭാഗത്തുനിന്ന്‌ വേഗത്തിലെത്തുന്ന വാഹനങ്ങൾ ഇങ്ങനെ തിരിയുന്ന വാഹനങ്ങളിലിടിച്ചാണ് അപകടങ്ങളേറെയും.

രാത്രി എം.സി. റോഡരികിൽ ഭാരവണ്ടികൾ നിർത്തിയിടുന്നതും പതിവാണ്. ഈ വാഹനങ്ങളിലിടിച്ചും അപകടമുണ്ടാകുന്നു. ജങ്ഷനോട്‌ ചേർന്നാണ് ഓട്ടോറിക്ഷാസ്റ്റാൻഡ്. ഇതുവഴി മറ്റുവാഹനങ്ങൾ കടന്നുപോകാൻ സ്ഥലം കുറവാണ്. തിരക്കേറിയ തവളക്കുഴി ജങഷനിൽ ഗതാഗതനിയന്ത്രണത്തിന് സ്ഥിരം പോലീസുകാരെ നിയോഗിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.