ഭരണങ്ങാനം: ആർ.സി.ഇ.പി. സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നതിനുമുമ്പ് ഇതിനോടകം ഇന്ത്യ ഏർപ്പെട്ട വ്യാപാരക്കരാറുകളിലൂടെ രാജ്യത്തിനുള്ള നേട്ടങ്ങളെക്കുറിച്ച് ധവളപത്രമിറക്കി പൊതുസമൂഹത്തെ കേന്ദ്രസർക്കാർ ബോധ്യപ്പെടുത്തണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ വി.സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു സെബാസ്റ്റ്യൻ.

ലോകവ്യാപാരസംഘടന, സാർക്ക്, ബ്രിക്‌സ്, ബിംസ്റ്റിക്, ആസിയാൻ ഉൾപ്പെടെ കൂട്ടായ്മകളും ഉഭയകക്ഷി കരാറുകളുമായി ഇന്ത്യ രണ്ടു ഡസനോളം വ്യാപാരക്കരാറുകളിൽ പങ്കാളിയാണ്. ഈ വ്യാപാരക്കരാറുകളിലൂടെ ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കും ആഭ്യന്തരവിപണിക്കും കാർഷിക, വ്യാവസായിക, സേവന നിക്ഷേപ മേഖലയ്ക്കും എന്തു വളർച്ച നേടാനായിയെന്ന് വിലയിരുത്തപ്പെടണം. ആർ.സി.ഇ.പി. അംഗരാജ്യങ്ങളുമായി 10500 കോടി രൂപ വ്യാപാരക്കമ്മി നിലനിൽക്കുമ്പോൾ കരാർ ഒപ്പിടുന്നതിലൂടെ രാജ്യത്തിനുള്ള നേട്ടം പൗരന്മാരെ ബോധ്യപ്പെടുത്തണം. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും കരാറിനെക്കുറിച്ച് പഠിച്ച് പ്രതികരിക്കാൻ തയ്യാറാകാത്തത് നിരാശയുളവാക്കുന്നു. കരാർ വിശദാംശങ്ങൾ രഹസ്യമായി വെയ്ക്കാതെ പാർലമെന്റിലും വിവിധ സംസ്ഥാന നിയമസഭകളിലും ചർച്ചയ്‌ക്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രൊഫ. കെ.വി.ജോസഫ്, ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ്, ടോം നെൽസൺ, താഷ്‌കന്റ് പൈക, ജെയിംസ് ചൊവ്വാറ്റുകുന്നേൽ എന്നിവർ പ്രസംഗിച്ചു.