ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മ വിശ്വാസികൾക്ക് സ്വർഗത്തിലേക്കുള്ള വഴിയാണെന്ന് മാർ ജോസഫ് കരിയിൽ പറഞ്ഞു. ഭരണങ്ങാനം തീർഥാടനകേന്ദ്രത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിനോടനുബന്ധിച്ച് കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

വിശുദ്ധിയിലേക്കുള്ള ചൂണ്ടുപലകകൾ അൽഫോൻസാമ്മ കാണിച്ചുതരുന്നു. ഓരോരുത്തർക്കും വിശുദ്ധിയിലേക്കുള്ള വഴി ഭിന്നമാണ്. വിശുദ്ധരുടെ മാർഗം സ്വർഗത്തിലേക്കുള്ളതാണ്. ദൈവം ഏൽപിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോഴാണ് നമ്മളെല്ലാം വിശുദ്ധരായി മാറുന്നത്. അൽഫോൻസാമ്മ ജീവിതത്തിലെ ബലഹീനതയെ ബലമാക്കി മാറ്റി. ദൈവകൃപ കൂടെയുണ്ടെന്ന ഉറപ്പ് ഓരോരുത്തർക്കും അൽഫോൻസാമ്മ വഴി ലഭിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ 11-ന് മാർ ജെയിംസ് അത്തിക്കളം കുർബാനയർപ്പിച്ച് സന്ദേശം നൽകും. മലയാളം, ഇംഗീഷ്, ഹിന്ദി, തമിഴ്, സുറിയാനി ഭാഷകളിലും, ലത്തീൻ, മലങ്കര റീത്തിലും കുർബാനകൾ അർപ്പിക്കുന്നുണ്ട്.