ഭരണങ്ങാനം: മേരിഗിരിക്കും ഭരണങ്ങാനത്തിനുമിടയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. അമിതവേഗത്തിൽ വാഹനങ്ങൾ ഓടിക്കുന്നതും ബസുകളുടെ മത്സരഓട്ടവും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. റോഡിന്റെ വീതി പലസ്ഥലത്തും പലരീതിയിലാണ്. വീതികൂടിയ ഭാഗത്തു നിന്നും കുറഞ്ഞ സ്ഥലത്ത് അമിതവേഗത്തിൽ വാഹനങ്ങൾ എത്തുമ്പോൾ അപകടം ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം രക്ഷാകർത്താക്കൾക്കൊപ്പം റോഡ് മുറിച്ചുകടന്ന ഒന്നാം ക്ലാസ് വിദ്യാർഥിയെ അമിത വേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിച്ചു. വിവിധ സ്‌കൂളുകളിലായി ഭരണങ്ങാനത്ത് ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്നുണ്ട് കൂടാതെ അൽഫോൻസാ തീർഥാടനകേന്ദ്രത്തിലെത്തുന്നവരുടെയും ഭരണങ്ങാനത്തെ മറ്റ് സ്ഥാപനങ്ങളിലെത്തുന്നവരുടെയും തിരക്ക് കൂടി കണക്കിലെടുത്ത് അധകൃതർ ഉടനടി നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇവിടം വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല സംഘം പരിശോധിച്ച് റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കണമെന്ന് ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് റെജി വടക്കേമേച്ചേരി അധ്യക്ഷത വഹിച്ചു

മുണ്ടുപാലത്ത് കുടിവെള്ളവിതരണം മുടങ്ങി

പാലാ: വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള കിടമത്സരംമൂലം മുണ്ടുപാലം, കരൂർ ഭാഗങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് ഒരാഴ്ചയിലധികമായി. പാലാ ബൈപ്പാസ് റോഡിൽ സിവിൽ സ്‌റ്റേഷനു സമീപം റോഡിൽ പൈപ്പ് പൊട്ടിയത് നന്നാക്കുവാൻ പൊതുമരാമത്ത് വകുപ്പ് സമ്മതിക്കുന്നില്ല. ഉന്നത അധികൃതർക്ക് അപേക്ഷ നൽകി അനുമതി ലഭിച്ചാൽ മാത്രമേ പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുകയുള്ളൂ. വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന നിരവധി കുടുംബങ്ങളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. അധികൃതർ ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് മുണ്ടുപാലം പൗരസമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അധ്യക്ഷത വഹിച്ചു.